ന്യൂഡൽഹി
മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. ബുധൻ രാത്രിയിൽ ഇംഫാൽ വെസ്റ്റിലെ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് അക്രമിസംഘം ഇരച്ചുകയറി വലിയ നാശനഷ്ടങ്ങൾ വരുത്തി. പൊലീസ് എത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. ഇംഫാൽ താഴ്വരയിൽ വ്യാപകമായി വിദ്യാർഥി സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. പലയിടത്തും പൊലീസും വിദ്യാർഥികളും ഏറ്റുമുട്ടി. ഇരുനൂറോളം വിദ്യാർഥികൾക്ക് പരിക്കുണ്ട്. പൊലീസുകാർക്കും പരിക്കേറ്റതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ക്രമസമാധാനം പൂർണമായും തകർന്നതോടെ കശ്മീരിൽനിന്ന് ശ്രീനഗർ സീനിയർ സൂപ്രണ്ട് (എസ്എസ്പി) രാകേഷ് ബൽവലിനെ മണിപ്പുരിലേക്ക് അടിയന്തരമായി നിയമിച്ചു. 2012 കേഡർ ഐപിഎസുകാരനായ രാകേഷ് ഡെപ്യൂട്ടേഷനിൽ എൻഐഎയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2019ലെ പുൽവാമ ഭീകരാക്രമണം അന്വേഷിച്ച സംഘത്തിലും ഉൾപ്പെട്ടിരുന്നു.
മെയ്ത്തീ വിഭാഗക്കാരായ പതിനേഴുകാരി ഹിജാം ലിൻതോയിങ്ഗാമ്പിയും ഇരുപതുകാരൻ ഫിജാം ഹേംജിത്തും കൊല ചെയ്യപ്പെട്ടതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് താഴ്വരയിൽ വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായത്. മൂന്നുദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ പെല്ലറ്റ് പ്രയോഗമേറ്റ പലരുടെയും പരിക്ക് ഗുരുതരം. കൊലപാതകികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക, ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുക, കേന്ദ്രസേനകളെ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥി സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്.
ക്രമസമാധാനം മോശപ്പെട്ടതോടെ മണിപ്പുരിൽ മൊബൈൽ ഇന്റർനെറ്റിന് വീണ്ടും വിലക്കേർപ്പെടുത്തി. ഇംഫാൽ വെസ്റ്റ്, ഈസ്റ്റ് ജില്ലകളിൽ പൂർണമായ കർഫ്യൂവും പ്രഖ്യാപിച്ചു. മെയ്ത്തീ വിദ്യാർഥികൾ കൊല്ലപ്പെട്ട കേസ് സർക്കാർ സിബിഐക്ക് വിട്ടു. സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘം അന്വേഷണത്തിനായി മണിപ്പുരിൽ എത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കുനേരെ പൊലീസ് കടുത്ത നടപടികൾ സ്വീകരിക്കുന്നുവെന്ന ആക്ഷേപം പരിശോധിക്കുന്നതിനായി ഐജി കെ ജയന്തയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിക്ക് ഡിജിപി രൂപം നൽകി.