ന്യൂഡൽഹി
അദാനി ഗ്രൂപ്പ് സ്ഥാപനമായ അദാനി പവറിലെ ഏറ്റവും വലിയ പൊതുനിക്ഷേപകൻ ഒരു വ്യക്തിയുടേതുമാത്രമായ കമ്പനി. 8000 കോടി രൂപയുടെ ഓഹരിയുള്ള ഒപൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിനാണ് അദാനി പവറിൽ ഏറ്റവും കൂടുതൽ പൊതുനിക്ഷേപമുള്ളത്. യുഎഇയിലെ അദൽ ഹസൻ അഹമദ് അലാലി എന്ന വ്യക്തിയാണ് കമ്പനി ഉടമ. അദാനിയുടെ ബിനാമിയാണ് അദൽ ഹസൻ എന്ന ആക്ഷേപം ശക്തമാണ്.
മൗറീഷ്യസിൽ 2005 ഒക്ടോബർ നാലിനാണ് ഒപൽ ഇൻവെസ്റ്റ്മെന്റ് സ്ഥാപിക്കപ്പെട്ടത്. ഇതേ ദിവസമാണ് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ ക്രുണാൽ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് മൗറീഷ്യസിൽ സ്ഥാപിക്കപ്പെട്ടത്. ട്രസ്റ്റ്ലിങ്ക് ഇന്റർനാഷണൽ എന്ന കമ്പനിയായിരുന്നു രണ്ടു സ്ഥാപനത്തിന്റെയും കോർപറേറ്റ് സർവീസ് പ്രൊവൈഡർ.
അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് സെബി പരിശോധിച്ചിട്ടുള്ള 13 വിദേശ സ്ഥാപനങ്ങളിൽ ഒന്നാണ് ഒപൽ ഇൻവെസ്റ്റ്മെന്റ്. അദൽ ഹസന്റെ ഉടമസ്ഥതയിലുള്ള സെനിത്ത് കൊമോഡിറ്റീസ് ജനറൽ ട്രേഡിങ് എന്ന സ്ഥാപനമാണ് ഒപലിലെ മുഖ്യനിക്ഷേപകരെന്ന് സെബി നേരത്തേ കണ്ടെത്തിയിട്ടുണ്ട്. മൗറീഷ്യസിലെ ഒപൽ ഇൻവെസ്റ്റ്മെന്റിലും അദൽ ഹസൻ ഡയറക്ടർഷിപ്പിലുണ്ട്. ട്രസ്റ്റ്ലിങ്ക് ഇന്റർനാഷണലിന്റെ വിലാസത്തിലാണ് അദൽ ഡയറക്ടർബോർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ, ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതോടെ ട്രസ്റ്റ്ലിങ്കുമായുള്ള ബന്ധം ഒപൽ ഇൻവെസ്റ്റ്മെന്റ് ഉപേക്ഷിച്ചു. ഒപൽ ഒരു കടലാസ് കമ്പനിയാണെന്നതിന്റെ പല സൂചനകളും ഹിൻഡൻബർഗ് റിപ്പോർട്ടിലുണ്ട്. ഒപലിന്റെ നിക്ഷേപമാകട്ടെ ആകെ അദാനി പവറിൽ മാത്രമാണ്.