മുലുങ്കു (തെലങ്കാന)
കിടപ്പാടമില്ലാത്ത ആയിരക്കണക്കിന് കർഷകത്തൊഴിലാളികളും കുടുംബാംഗങ്ങളും തെലങ്കാനയിലെ മുലുങ്കുവിൽ 18 ദിവസമായി സമരത്തിൽ. വാജേഡുവിലെ സമരകേന്ദ്രത്തിൽമാത്രം രണ്ടായിരത്തിലധികം കുടിലുകൾ ഉയർന്നു. സ്ത്രീകളും കുട്ടികളും വയോധികരും അടക്കം കുടുംബങ്ങൾ സമരകേന്ദ്രങ്ങളിലാണ് താമസിക്കുന്നത്.
പ്ലാസ്റ്റിക് ഷീറ്റുകളും ഓലപ്പായകളും കമ്പുകളും ഇലകളുമൊക്കെ ചേർത്തുവച്ച് ഉണ്ടാക്കിയ ഇടങ്ങളിൽത്തന്നെയാണ് ഭക്ഷണം തയ്യാറാക്കുന്നതും. താമസത്തിനും കൃഷിക്കും ഭൂമി വേണമെന്ന മുദ്രാവാക്യം ദീർഘകാലമായി നിലനിൽക്കുന്നതാണ്. എന്നാൽ, സർക്കാരുകൾ ഇത് നടപ്പാക്കാൻ തയ്യാറല്ല. കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളെ തുടർന്നാണ് ചെറിയ മാറ്റങ്ങളുണ്ടായത്.
സമരത്തെ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വി ശിവദാസൻ എംപി അഭിവാദ്യം ചെയ്തു. ഭൂപരിഷ്കരണം ആന്ധ്രപ്രദേശിലും തെലങ്കാനയിലും നടപ്പാക്കാത്തതും ഇവിടങ്ങളിൽ കർഷകത്തൊഴിലാളികൾക്ക് പെൻഷൻ കിട്ടാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്, സംസ്ഥാന സെക്രട്ടറി വെങ്കട്ട രമലു, പ്രസിഡന്റ് നാഗയ്യ, ജോയിന്റ് സെക്രട്ടറി സാംബശിവ, വൈസ് പ്രസിഡന്റ് മച്ചവെങ്കിടേശ്വരു എന്നിവരും സംസാരിച്ചു.