ന്യൂഡൽഹി
ഖലിസ്ഥാൻ–- ഗുണ്ടാ സംഘങ്ങൾക്കെതിരെയുള്ള നടപടിയുടെ പേരിൽ ആറ് സംസ്ഥാനത്തെ 53 ഇടത്ത് ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. പഞ്ചാബിനു പുറമെ ഹരിയാന, ഡൽഹി-, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പഞ്ചാബിൽമാത്രം 30 ഇടത്ത് എൻഐഎ സംഘമെത്തി. നിരവധി പേരെ കസ്റ്റഡിയിൽ എടുത്തതിനു പുറമെ തോക്കുകൾ, വെടിമരുന്ന്, ഡിജിറ്റൽ ഉപകരണങ്ങൾ, നിരോധിത വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു.
ക്യാനഡയിലുള്ള ഗുണ്ടാത്തലവൻ അർഷ് ധല്ലയുടെ സഹായി സുന്ദർ എന്ന ജോറയെ പഞ്ചാബിലെ ഫിറോസ്പുരിൽനിന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചണ്ഡീഗഢിൽ എത്തിച്ച് ചോദ്യം ചെയ്യും. ഗുണ്ടാപ്രവർത്തനങ്ങൾക്കുള്ള പണം, ആയുധം എന്നിവയ്ക്കു പുറമെ കുറ്റകൃത്യങ്ങൾക്കായും ധല്ല ഖലിസ്ഥാനി ഭീകരരുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നാണ് എൻഐഎ പറയുന്നത്. ക്യാനഡ ആസ്ഥാനമായുള്ള ലഖ്ബീർ സിങ് എന്ന ലാൻഡയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും എൻഐഎ എത്തി.