വെല്ലിങ്ടൺ
“എട്ടാമത്തെ വൻകര’ കണ്ടെത്തിയതായി ന്യൂസിലൻഡ് ശാസ്ത്രസംഘം. സീലാൻഡിയ (തെറിയു അമാവി) എന്ന “ഭൂഖണ്ഡ’മാണ് കണ്ടെത്തിയത്. ഇതിന്റെ പരിഷ്കരിച്ച ഭൂപടം തയ്യാറാക്കി. പശ്ചിമ അന്റാർട്ടിക്കയുടെ ഭൗമഘടനയ്ക്കു സമാനമായ പ്രദേശം സമുദ്രാന്തർഭാഗത്ത് 3500 അടി ആഴത്തിലാണ്. വൻകരയുടെ 94 ശതമാനവും വെള്ളത്തിനടിയിലാണ്. ന്യൂസിലൻഡിനു സമാനമായ ചില ദ്വീപസമൂഹങ്ങളുണ്ട്. ഓസ്ട്രേലിയയുടെ ഏകദേശം വലിപ്പംവരും. 49 ലക്ഷം ചതുരശ്ര കിലോമീറ്റര്.
ന്യൂസിലൻഡ് ക്രൗൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജിഎൻഎസ് സയൻസ് നേതൃത്വം നൽകിയ പഠനത്തിലെ കണ്ടെത്തലുകൾ ടെക്ടോണിക്സ് ഉൾപ്പെടെയുള്ള പ്രമുഖ ജേർണലുകളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രായം കുറഞ്ഞതും ചെറുതും ലോലമായതുമായ ഭൂഖണ്ഡമാണിതെന്നാണ് ഗവേഷകസംഘം പറയുന്നു. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് ശേഖരിച്ച കല്ലുകളും മണ്ണും പഠിച്ചാണ് സീലാൻഡിയയുടെ ഏകദേശ ഭൂപ്രകൃതി മനസ്സിലാക്കിയത്.
ഡച്ച് നാവികനായ ആബേൽ ടാസ്മാനാണ് 1672ൽ എട്ടാം ഭൂഖണ്ഡമെന്ന വാദം ഉന്നയിച്ചത്. ടാസ്മാൻ കണ്ടെത്തിയ ന്യൂസിലൻഡ് സമുദ്രാന്തർഭാഗത്തുള്ള സീലാൻഡിയയുടെ ഭാഗമാണെന്ന് 1895ൽ സ്കോട്ടിഷ് പ്രകൃതിശാസ്ത്രജ്ഞൻ ജയിംസ് ഹെക്ടർ അനുമാനിച്ചു.അമേരിക്കൻ ജിയോഫിസിസ്റ്റ് ബ്രൂസ് ലൂയെൻഡിക്ക് സീലാൻഡിയയെ ഭൂഖണ്ഡമായി കണക്കാക്കാമെന്ന്1995ൽ നിര്ദേശിച്ചു. പേര് നൽകിയതും അദ്ദേഹമാണ്. സമുദ്രാന്തർഭാഗത്തായതിനാൽ ഇതിനെ വൻകരയായി കണക്കാക്കാനാകുമോ എന്നത് തർക്കവിഷയമാണ്.