ന്യൂഡൽഹി
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരങ്ങൾ ശരിവച്ച 2022 ജൂലൈയിലെ സുപ്രീംകോടതി ഉത്തരവിന് എതിരായ ഹർജി പിൻവലിച്ച് ഛത്തീസ്ഗഢ് സർക്കാർ. ബുധനാഴ്ച സുപ്രീംകോടതി മുമ്പാകെ ഹാജരായ ഛത്തീസ്ഗഢിന്റെ അഭിഭാഷകൻ ഹർജി പിൻവലിക്കാൻ തനിക്ക് സർക്കാരിൽനിന്ന് നിർദേശം ലഭിച്ചതായി അറിയിച്ചു. ഇതേത്തുടർന്ന്, ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഹർജി പിൻവലിക്കാൻ അനുമതി നൽകി.
ഇഡി കള്ളക്കേസുകൾ ഉണ്ടാക്കി വേട്ടയാടുകയാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപണം ഉന്നയിക്കുന്ന അതേ അവസരത്തിൽത്തന്നെ ഇഡിയ്ക്കെതിരായ ഹർജി സുപ്രീംകോടതിയിൽനിന്ന് പിൻവലിച്ചത് വിമർശങ്ങൾക്ക് ഇടയാക്കി. 2000 കോടിയുടെ മദ്യകുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ഭൂപേഷ് ബാഗേൽ ഉൾപ്പെടെയുള്ളവർക്ക് എതിരെ ഇഡി അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ കേസിൽ ഭൂപേഷ് ബാഗേലിനെ കുടുക്കാനായി എക്സൈസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഇഡി ഉദ്യോഗസ്ഥർ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കഴിഞ്ഞ വാദംകേൾക്കലിൽ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് സംസ്ഥാനം നിർണായകഘട്ടത്തിൽ ഹർജി പിൻവലിച്ചതെന്ന ചോദ്യമാണുയരുന്നത്.
അറസ്റ്റ്, റെയ്ഡ്, സ്വത്തുക്കൾ കണ്ടുകെട്ടൽ തുടങ്ങിയ നടപടികൾക്ക് ഇഡിക്കുള്ള വിശാലമായ അധികാരങ്ങൾ എല്ലാം ശരിവയ്ക്കുന്നതായിരുന്നു 2022 ജൂലൈയിലെ സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത്, മുൻ ജഡ്ജി ആർ എഫ് നരിമാൻ തുടങ്ങിയവർ ഈ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. വിവാദ വ്യവസ്ഥകൾ മുഴുവൻ ശരിവച്ച സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജികൾ പരിഗണിക്കാൻ പ്രത്യേകബെഞ്ച് രൂപീകരിച്ചതായി ജസ്റ്റിസ് സഞ്ജയ് കിഷൻകൗൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനു പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേലാ എം ത്രിവേദി എന്നിവരാണ് പ്രത്യേകബെഞ്ചിലെ അംഗങ്ങൾ. ഹര്ജികള് ഒക്ടോബര് 18ന് പരിഗണിക്കും.