ന്യൂഡൽഹി
ജാട്ട് സമുദായത്തെ കേന്ദ്ര സർക്കാരിന്റെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭമുയരുന്നത് ബിജെപിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാകും. സംവരണ ആവശ്യവുമായി നവംബർ 20ന് ഡൽഹിയിൽ വിപുലസമ്മേളനം ചേരാൻ മീററ്റിൽ കൂടിയ അഖില ഭാരതീയ ജാട്ട് മഹാസഭ തീരുമാനിച്ചു. മറാത്ത സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ പ്രക്ഷോഭം ശക്തമായത് ബിജെപിയെ ചെറുതായൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പുകളിലും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപിയെ മുൾമുനയിൽ നിർത്തുന്നതാകും ജാട്ട് സംഘടനകളുടെ ആവശ്യം.
പരമ്പരാഗത കർഷകരായ ജാട്ടുകൾ ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ഹിമാചൽപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ സംസ്ഥാന ഒബിസി പട്ടികയിലുണ്ട്. ഗുജറാത്തിലെയും രാജസ്ഥാനിൽ ഭരത്പുർ, ധോൽപുർ ഒഴികെയുള്ള ജില്ലകളിലെയും ജാട്ടുകൾ കേന്ദ്ര ഒബിസി പട്ടികയിലാണ്. ഹരിയാനയിലും ജാട്ട് പ്രബല വിഭാഗമാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുപിഎ സർക്കാർ ജാട്ടുകളെ ഒന്നടങ്കം കേന്ദ്ര ഒബിസി പട്ടികയിൽപെടുത്തിയത് 2015ൽ സുപ്രീംകോടതി റദ്ദാക്കി. എട്ടുവർഷം പിന്നിടുമ്പോഴും മോദിസർക്കാർ ഇതിനെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് ജാട്ട് മഹാസഭ ദേശീയ ജനറൽ സെക്രട്ടറി ചൗധരി യുദ്ധവീർ സിങ് പറഞ്ഞു. മണ്ഡൽ കമീഷൻ ശുപാർശപ്രകാരം ഒബിസിയിൽ ഉൾപ്പെടാനുള്ള അർഹത ജാട്ടുകൾക്കുണ്ടെന്നും സംവരണം നിഷേധിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ജാട്ട് ഇതര സമുദായങ്ങളുടെ ഏകോപനമാണ് ബിജെപി ലക്ഷ്യമെന്ന് ജാട്ട് നേതാക്കൾ പറയുന്നു. മുസഫർനഗറിൽ 2013ലുണ്ടായ കലാപത്തെ തുടർന്ന് ജാട്ടുകളുടെ വൻപിന്തുണയിലാണ് മോദിസർക്കാർ അധികാരത്തിൽ വന്നത്.