കൊച്ചി
പ്രമുഖ ചലച്ചിത്രകാരൻ കെ ജി ജോർജിനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച് കുടുംബം ഗോവയിലേക്കുപോയെന്ന ആരോപണത്തിന് മറുപടിയുമായി ഭാര്യ സെൽമ ജോർജ്. കെ ജി ജോർജിന്റെ സമ്മതത്തോടെയാണ് ഡോക്ടറും ഫിസിയോതെറാപ്പിയും മറ്റു സൗകര്യങ്ങളുമുള്ള കാക്കനാട്ടെ സിഗ്നേച്ചർ (വയോജനകേന്ദ്രം) എന്ന സ്ഥാപനത്തിലേക്ക് മാറ്റിയതെന്ന് സെൽമ പറഞ്ഞു.
‘‘അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായതിനാൽ ഒറ്റയ്ക്ക് ശുശ്രൂഷിക്കാനുള്ള ആരോഗ്യം എനിക്കുണ്ടായിരുന്നില്ല. മകൻ ഗോവയിലും മകൾ ദോഹയിലുമാണ്. അദ്ദേഹത്തെ സിഗ്നേച്ചറിലേക്ക് മാറ്റിയപ്പോൾ എറണാകുളത്ത് ഒറ്റയ്ക്ക് താമസിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഗോവയിൽ മകന്റെ അടുത്തേക്കുപോയത്. എല്ലാ ആഴ്ചയിലും അദ്ദേഹത്തിനിഷ്ടപ്പെട്ട ഭക്ഷണവും എത്തിച്ചുനൽകിയിരുന്നു’’. കെ ജി ജോർജിനെ കുടുംബം നോക്കിയില്ലെന്ന വാർത്തകൾ യുട്യൂബ് ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ് സെൽമയുടെ പ്രതികരണം.
‘‘നിരവധി സിനിമകൾ ചെയ്ത് ഏറെ പേരെടുത്തെങ്കിലും വലിയ സമ്പാദ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വത്ത് തട്ടിയെടുത്ത് ഉപേക്ഷിച്ചെന്ന് പറയുന്നവർക്ക് യാഥാർഥ്യം അറിയില്ല. സിനിമാരംഗത്തുള്ളവർക്ക് കാര്യങ്ങൾ അറിയാം. നല്ലൊരു സംവിധായകൻ മാത്രമല്ല, നല്ല ഭർത്താവുമായിരുന്നു അദ്ദേഹം. മരണംവരെ അദ്ദേഹത്തെ ആത്മാർഥമായാണ് നോക്കിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുപോലൊരാൾ ഇനിയുണ്ടാകില്ല. ഒരു ഹൊറർ ചിത്രംകൂടി ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതുനടന്നില്ല. മൃതദേഹം ദഹിപ്പിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു’’വെന്നും സെൽമ പറഞ്ഞു.