ന്യൂഡൽഹി> ലോക്സഭയിൽ തീവ്രവർഗീയ പരാമർശം നടത്തിയ രമേശ് ബിദുരിക്ക് സംരക്ഷണകവചം ഒരുക്കാൻ ബിജെപി. ബിഎസ്പി അംഗം ഡാനിഷ് അലിക്കെതിരെ ബിദുരി പൊട്ടിത്തെറിക്കാൻ കാരണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് ബിജെപിയുടെ മറ്റൊരു എംപി നിഷികാന്ത് ദുബെ രംഗത്തുവന്നു. ബിദുരിയുടെ പ്രസംഗത്തിൽ അലി ഇടപെട്ടെന്നും പ്രധാനമന്ത്രിക്കെതിരെ അലി മോശംഭാഷയിൽ സംസാരിച്ചെന്നും കാണിച്ച് ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്ത് നൽകി.
ചാന്ദ്രയാൻ–-3 ദൗത്യത്തെക്കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് അലിയെ ബിദുരി മുസ്ലിം തീവ്രവാദി എന്ന് വിളിച്ചത്. ബിദുരിയുടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കി. ബിജെപി അദ്ദേഹത്തിന് കാരണംകാണിക്കൽ നോട്ടീസും നൽകി. അതേസമയം, ബിദുരിയുടെ വാക്കുകൾ അപലപനീയമാണെങ്കിലും അലിയുടെ ‘മാന്യത വിട്ട’ പെരുമാറ്റവും അന്വേഷിക്കണമെന്ന് ദുബെ ആവശ്യപ്പെട്ടു. 15 വർഷമായി താൻ സഭയിലുണ്ടെന്നും ഇത്രയും മോശമായ ദിവസം മുമ്പുണ്ടായിട്ടില്ലെന്നും ദുബെ പറഞ്ഞു. ‘ബട്വ’(പിമ്പ്), ‘കട്വ’ (സുന്നത്ത് ചെയ്തയാൾ), ‘മുല്ലാ ഉഗ്രവാദി’ (മുസ്ലീം തീവ്രവാദി), ‘ആതങ്ക്വാദി’ (ഭീകരൻ) തുടങ്ങിയ അധിക്ഷേപങ്ങളാണ് അലിക്കെതിരെ ബിദുരി നടത്തിയത്.