ന്യൂഡൽഹി> ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ക്യാനഡ നടത്തുന്ന അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. അതിർത്തി കടന്നുള്ള അടിച്ചമർത്തലിനെ അമേരിക്ക ഗൗരവമായാണ് കാണുന്നതെന്നും ഒരു രാജ്യവും അത്തരം പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. ഇന്ത്യ– -ക്യാനഡ ഉഭയകക്ഷി പ്രതിസന്ധിയിൽ അമേരിക്ക ക്യാനഡയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് ബ്ലിങ്കന്റെ പ്രസ്താവന. സംഭവത്തിൽ അന്വേഷണത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നെന്നും ഒരു രാജ്യത്തിനും പ്രത്യേക ഇളവില്ലെന്നും അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ വിഷയത്തിൽ അന്താരാഷ്ട്രതലത്തിൽ ഇന്ത്യ ഒറ്റപ്പെടുന്ന സ്ഥിതിയായി.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ആരോപണമുന്നയിക്കാൻ ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ സഹായിച്ചത് അമേരിക്കയാണെന്ന വിവരവും പുറത്തുവന്നു. തങ്ങളടക്കം ഉൾപ്പെടുന്ന ‘ഫൈവ് ഐസ് സഖ്യം’ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടായേക്കാമെന്ന വിവരം ക്യാനഡയ്ക്ക് നൽകിയിട്ടുണ്ടെന്ന് അമേരിക്ക പരസ്യമായി സമ്മതിച്ചു. ക്യാനഡയിലെ അമേരിക്കൻ സ്ഥാനപതി ഡേവിഡ് കോഹനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎസ്, യുകെ, ക്യാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന രഹസ്യാന്വേഷണ ഗ്രൂപ്പാണ് ‘ഫൈവ് ഐസ് സഖ്യം’.
ആരോപണത്തെ ഗുരുതരമായി കാണുന്നെന്നും ശരിയെന്ന് തെളിഞ്ഞാൽ ഇന്ത്യ നടത്തിയത് അന്താരാഷ്ട്രമര്യാദയുടെ ഗുരുതര ലംഘനമാകുമെന്നും കോഹൻ പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകത്തിൽ ആഴ്ചകൾക്കുമുമ്പേ ഇന്ത്യക്ക് തെളിവ് കൈമാറിയെന്ന് ട്രൂഡോ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സ്ഥാനപതിയുടെ സ്ഥിരീകരണം. കനേഡിയൻ മാധ്യമമായ സിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കോഹന്റെ വെളിപ്പെടുത്തൽ. ഏതുതരം തെളിവുകളാണ് നൽകിയതെന്ന് കോഹൻ വ്യക്തമാക്കിയില്ല. ജി–-20 ഉച്ചകോടി ചേരുന്നതിന് ആഴ്ചകൾക്കുമുമ്പ് അമേരിക്കയടക്കമുള്ള സഖ്യരാഷ്ട്രങ്ങളോട് ഇന്ത്യയെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കണമെന്ന് ക്യാനഡ ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് സ്ഥാനപതി തള്ളി. ക്യാനഡയും ഇത് നിഷേധിച്ചിരുന്നു.