തൃശൂർ> കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സഹകരണ ബാങ്കുകളെ തകർക്കാൻ ബിജെപി ആസൂത്രിത നീക്കം. മാതൃകാപരമായി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ ഇഡി റെയ്ഡ് നടത്തിച്ച് കരിവാരിത്തേക്കാനാണ് നീക്കം. തൃശൂർ, അയ്യന്തോൾ സഹകരണ ബാങ്കുകളിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. എൽഡിഎഫ് ഭരിക്കുന്ന കൂടുതൽ സഹകരണ ബാങ്കുകളിൽ വരും ദിവസങ്ങളിൽ റെയ്ഡ് നടത്തിയേക്കും.
നിക്ഷേപവുമായി സഹകാരികൾ എത്തിയാൽ നിയമാനുസൃതം പണം സ്വീകരിച്ച് രശീതി നൽകും. ഇത്തരത്തിലുള്ള ഏതെങ്കിലും നിക്ഷേപം കള്ളപ്പണമാണെന്ന് പരാതി ലഭിച്ചാൽ ആ വ്യക്തിയോടാണ് പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദീകരണം തേടേണ്ടത്. ആ വ്യക്തിയുടെ നിക്ഷേപം എത്രയെന്ന് ബാങ്കുകളോട് വിശദീകരണം ആരാഞ്ഞാൽ മറുപടി നൽകും. ഇഡി നോട്ടീസ് ലഭിച്ചതനുസരിച്ച് വിവരങ്ങൾ കൈമാറിയിട്ടും സഹകരണബാങ്കുകളിൽ റെയ്ഡ് നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്.
കരുവന്നൂർ ഉൾപ്പെടെ ക്രമക്കേട് കണ്ടെത്തിയ സഹകരണ ബാങ്കുകളിൽ സംസ്ഥാന സഹകരണ വകുപ്പ് കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ കോൺഗ്രസ് ഭരിച്ചിരുന്ന പുത്തൂർ, അടാട്ട് സഹകരണബാങ്ക് ഭരണസമിതികൾ പിരിച്ചുവിട്ടു. സഹകരണ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ സഹകരണവകുപ്പും ക്രൈംബ്രാഞ്ചും അന്വേഷണംനടത്തി നടപടിയെടുത്തു. എന്നിട്ടും രാഷ്ട്രീയ ലക്ഷ്യംവച്ച് ഇഡിയെ ഇറക്കി വീണ്ടും അന്വേഷണം നടത്തുകയാണ്. കോർപറേറ്റ് ബാങ്കുകളിലേക്കും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലേക്കും നിക്ഷേപം മാറ്റിക്കുന്നതും ലക്ഷ്യമാണ്. അതേസമയം ബിജെപി നേതാക്കൾ നടത്തിയ 54 കോടിയുടെ കൊടകര കുഴൽപ്പണക്കേസും ബിജെപി സംഘം നടത്തിയ കള്ളനോട്ടടിയും അന്വേഷിക്കാൻ ഇഡി തയ്യാറാവുന്നുമില്ല.