ന്യൂഡൽഹി> ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർടികളുടെയും സാധാരണക്കാരുടെയും അഭിപ്രായങ്ങൾ തേടാനും സമവായുമുണ്ടാക്കാനുമുള്ള നീക്കങ്ങൾ ഉടനുണ്ടാകും. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണ. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പുറമേ തദ്ദേശ തെരഞ്ഞെടുപ്പുകളും ഒന്നിച്ചുനടത്താൻ കഴിയുമോയെന്ന കാര്യവും സമിതി പരിശോധിക്കും. നിയമവശങ്ങൾ സംബന്ധിച്ച് നിയമ കമീഷനോടും അഭിപ്രായം തേടും.
മുൻ രാഷ്ട്രപതി രാംനാഥ്കോവിന്ദിന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമ മന്ത്രി അർജുൻറാം മേഘ്വാൾ, ഗുലാംനബി ആസാദ് തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ് ലോക്സഭാ നേതാവ് അധീർരഞ്ജൻ ചൗധരി പങ്കെടുത്തില്ല. സമിതിയുടെ ഭാഗമാകാനില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.
രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിലെ പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളും ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും ആദ്യ യോഗത്തിൽ ചർച്ചയായി. രാജ്യത്ത് തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനാണ് കേന്ദ്ര സർക്കാർ എട്ടംഗസമിതിക്ക് രൂപംകൊടുത്തത്.