ഇസ്ലാമാബാദ്> രാജ്യത്തെ 24 കോടി ജനസംഖ്യയില് 10 കോടിയോളം ആളുകളും ദാരിദ്ര്യത്തിൽ ആയതോടെ സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ പാകിസ്ഥാന് മുന്നറിയിപ്പുനൽകി ലോക ബാങ്ക്. രാജ്യത്തെ ദാരിദ്ര്യം ഒരു വർഷത്തിനുള്ളിൽ 34.2 ശതമാനത്തിൽനിന്ന് 39.4 ശതമാനമായി ഉയർന്നു. മോശം സാമ്പത്തികസ്ഥിതിയെ തുടർന്നാണ് കൂടുതൽപേർ ദാരിദ്ര്യത്തിന്റെ പിടിയിലായത്.
കഴിഞ്ഞ സാമ്പത്തിക വർഷം 1.25 കോടി ആളുകൾ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ, പാകിസ്ഥാനികൾ ഏകദേശം 9.5 കോടി പേർ ദാരിദ്ര്യത്തിലാണെന്ന് ലോക ബാങ്കിന്റെ കണക്ക് ചൂണ്ടിക്കാട്ടുന്നു. കൃഷിക്കും റിയൽ എസ്റ്റേറ്റിനും നികുതി ചുമത്താനും പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കാനും ലോക ബാങ്ക് പാകിസ്ഥാനോട് നിർദ്ദേശിച്ചു.