ന്യൂഡൽഹി> ക്രിമിനൽക്കേസുകളിൽ പഴുതുകളില്ലാതെ അന്വേഷണം നടത്തുന്നതിന് പൊലീസിന് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ട സമയം അതിക്രമിച്ചെന്ന് സുപ്രീംകോടതി. അന്വേഷണത്തിലെ പാളിച്ചകൾ കാരണമുണ്ടാകുന്ന സാങ്കേതികപ്രശ്നങ്ങൾ ഉന്നയിച്ച് കുറ്റവാളികൾ രക്ഷപ്പെടുന്നത് ഒഴിവാക്കാനാണിതെന്ന് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ റദ്ദാക്കിയാണ് സുപ്രീംകോടതി നിരീക്ഷണം. ‘പ്രതികൾക്കെതിരെ ആവശ്യമായ തെളിവുകൾ കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ തൃപ്തികരമായി പൂർത്തിയാക്കുന്നതിൽ പൊലീസ് പൂർണമായി പരാജയപ്പെട്ടു.
ഇത്തരം കേസുകളിൽ അന്വേഷണവേളയിൽ സംഭവിക്കുന്ന ഗുരുതരമായ പിഴവുകൾമൂലമുണ്ടാകുന്ന സാങ്കേതികപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കുറ്റവാളികൾ രക്ഷപ്പെടുന്നത് പതിവായിട്ടുണ്ട്. ഈ സാഹചര്യം മറികടക്കാൻ അന്വേഷണത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’–- കോടതി പറഞ്ഞു.