ന്യൂഡൽഹി
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി ഒറ്റയടിക്ക് റദ്ദാക്കിയ മോദി സർക്കാർ വനിതാ സംവരണം നടപ്പാക്കുന്നത് വർഷങ്ങൾക്കുശേഷം മതിയെന്ന നിലപാടെടുത്തപ്പോള് വെളിപ്പെട്ടത് ബിജെപിയുടെ ഉദാസീനത. ഐക്യമുന്നണി, വാജ്പേയി, യുപിഎ സർക്കാരുകളുടെ കാലങ്ങളിൽ അവതരിപ്പിച്ച വനിതാ സംവരണബില്ലുകളിൽ ഇല്ലാത്ത വ്യവസ്ഥ മോദി സർക്കാർ അവതരിപ്പിച്ച ബില്ലിലുണ്ട്. സെൻസസും മണ്ഡലപുനർനിർണയവും പൂർത്തീകരിച്ചശേഷമേ വനിതാ സംവരണം നടപ്പാക്കൂ എന്നതാണത്.
2021 സെൻസസ് നടപടി കേന്ദ്ര സർക്കാർ തുടങ്ങിയിട്ടില്ല. 2024ൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിനുശേഷമേ സെൻസസ് നടപടി ഉണ്ടാകൂ.. 2025ൽ സെൻസസ് തുടങ്ങിയാലും പൂർത്തിയാക്കാൻ ഒന്നോ രണ്ടോ വർഷം വേണം. മണ്ഡലപുനർനിർണയത്തിന്റെ കാര്യത്തിലും സാങ്കേതികമായ തടസ്സം നിലനിൽക്കുന്നു.
ഭരണഘടനാഭേദഗതികൾ പ്രകാരം 2026ന് ശേഷം നടക്കുന്ന ആദ്യ സെൻസസിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലപുനർനിർണയം നടത്തേണ്ടത്. 2021ൽ നടത്തേണ്ട സെൻസസ് 2025ൽ തുടങ്ങി 2026ന് ശേഷം പൂർത്തിയാക്കിയാൽ അതിന്റെ അടിസ്ഥാനത്തിൽ വേണമെങ്കിൽ മണ്ഡലപുനർനിർണയം തുടങ്ങാം. എന്നാൽ, അതിനായി ഭരണഘടനയിലെ 82,170(3) അനുച്ഛേദങ്ങളിൽ ചില നിർണായക ഭേദഗതി കൊണ്ടുവരേണ്ടി വരും. മണ്ഡലപുനർനിർണയം തുടങ്ങുന്നതിനുമുമ്പ് സംസ്ഥാനങ്ങൾക്കിടയിൽ സമവായമുണ്ടാക്കേണ്ട ഉത്തരവാദിത്വവും കേന്ദ്രത്തിനുണ്ട്.
സെൻസസ് കണക്കുകളുടെമാത്രം അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടത്തുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വിയോജിപ്പുണ്ട്. ഭരണഘടനയുടെ 368(2) അനുച്ഛേദം അനുസരിച്ച് സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനുമുമ്പ് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമോ പകുതി നിയമസഭകളുടെ സമ്മതമോ നേടണം. ഈ സാഹചര്യത്തിൽ, വനിതാ സംവരണം യാഥാർഥ്യമാകണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.