ന്യൂഡൽഹി
വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ ഒബിസി വനിതകൾക്ക് കൂടി സംവരണം ഉറപ്പുവരുത്തണമെന്ന നിലപാട് പ്രതിപക്ഷ പാർടികൾ കൂട്ടായി സ്വീകരിച്ചത് ലോക്സഭയിൽ മോദി സർക്കാരിനെ വെട്ടിലാക്കി. ജാതി സെൻസസ് നടപ്പാക്കണമെന്നും തുടർന്ന് ഒബിസി വനിതകൾക്ക് കൂടി സംവരണം ഉറപ്പാക്കണമെന്നും പ്രതിപക്ഷം നിലപാടെടുത്തു. എന്തുകൊണ്ട് ഒബിസി വനിതകൾക്ക് സംവരണം നൽകുന്നില്ലെന്ന് കൃത്യമായി വിശദീകരിക്കാൻ ഭരണപക്ഷത്തിനായില്ല.
സംവരണം എന്നുമുതൽ നടപ്പാകുമെന്ന് ചർച്ചയ്ക്ക് തുടക്കമിട്ട് സോണിയ ഗാന്ധി ചോദിച്ചു. സുപ്രിയ സുലെ, കനിമൊഴി, മഹുവാ മൊയ്ത്ര തുടങ്ങി പ്രതിപക്ഷത്തുനിന്ന് സംസാരിച്ച മറ്റ് എംപിമാരും സംവരണം 2014 മുതൽ നടപ്പാക്കണമെന്നും അനന്തമായി നീട്ടുന്നത് ബിജെപിയുടെ വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി.
സെക്രട്ടറിമാരിലെ ഒബിസി പ്രാതിനിധ്യകുറവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഭരണനിർവഹണത്തിൽ ഏറ്റവും പ്രധാനപ്പെട്ട 90 സെക്രട്ടറിമാരിൽ മൂന്നുപേർ മാത്രമാണ് ഒബിസി വിഭാഗത്തിൽനിന്നുള്ളത്. അവർ കൈകാര്യം ചെയ്യുന്നതാകട്ടെ ധനവിനിയോഗം തീർത്തും കുറഞ്ഞ വകുപ്പുകളാണ്–- രാഹുൽ പറഞ്ഞു.