ന്യൂഡൽഹി
കുറ്റവാളിയുടെ ശിക്ഷാഇളവിനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കാൻ കഴിയുമോയെന്ന് സുപ്രീംകോടതി. ബിൽക്കിസ്ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് ശിക്ഷാഇളവ് നൽകിയതിന് എതിരായ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. ശിക്ഷാഇളവ് ചോദ്യംചെയ്തുള്ള ഹർജികൾ ഹൈക്കോടതികളിൽ മാത്രമേ സമർപ്പിക്കാൻ കഴിയൂവെന്ന് ശിക്ഷാഇളവ് ലഭിച്ച പ്രതികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ് വാദിച്ചു.
ശിക്ഷാഇളവിനുള്ള അപേക്ഷ തള്ളിയാൽ ആ നടപടി തന്റെ മൗലികാവകാശത്തെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതികളെ സമീപിക്കാം എന്നായിരുന്നു ചിദംബരേഷിന്റെ വാദം. എന്നാൽ, ശിക്ഷാഇളവിനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കാൻ കഴിയുമോയെന്ന് ജസ്റ്റിസ് ഉജ്വൽഭുയാൻ അന്വേഷിച്ചു. കേസിലെ വാദംകേൾക്കൽ ഒക്ടോബർ നാലിന് തുടരും.