അബുദാബി> സംഘടനാ മികവുകൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച “ഓണാഘോഷം-2023 ” ശ്രദ്ധേയമായി. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്ന മൂന്നുപേരടങ്ങുന്ന 12 ടീമുകൾ മാറ്റുരച്ച പൂക്കള മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികളുടെ വിഭാഗത്തില്‍ ഐഷ മർവ, മെഹാന, മെഹ്ഫിൻ എന്നിവരടങ്ങിയ ടീം പ്രോത്സാഹന സമ്മാനത്തിന് അർഹരായി. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ബിന്നി ടോം, തേജസ്വിനി പ്രഭാകരൻ , അബ്ദുൾ കലാം എന്നിവരടങ്ങിയ ടീമിന് ഒന്നാം സ്ഥാനവും ശ്രീജ വർഗീസ്, ലിഖിത അബ്ദു, രവീണ ആചാര്യ എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും മണികണ്ഠൻ, ജിഷ ഗഫൂർ, സുമ വിപിൻ എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. പൂക്കള മത്സര വിജയികള്‍ക്ക് പ്രായോജകരും വിവിധ സംഘടനാ പ്രതിനിധികളും സമ്മാനങ്ങൾ വിതരണം ചെയ്തു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഉറിയടി, കസേരകളി, ബൺ ഈറ്റിംഗ് തുടങ്ങിയ കായിക മത്സരങ്ങളും സംഘടിപ്പിച്ചു . സെന്ററില്‍ നടന്ന മാവേലി എഴുന്നള്ളത്ത് ഏവരെയും ആകര്‍ഷിച്ചു. വാദ്യ മേളങ്ങളുടെയും പുലിയും വേട്ടക്കാരൻ കളിയുടെയും അകമ്പടിയോടെ മുത്തുക്കുടകളേന്തിയ ഒട്ടേറെ കുട്ടികളും വനിതകളും പുരുഷന്മാരും മാവേലി എഴുന്നള്ളത്തില്‍ പങ്കാളികളായി. മാവേലി എഴുന്നള്ളത്തിനുശേഷം സെന്റര്‍ അങ്കണത്തില്‍ നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ച വനിതകളുടെയും കൊച്ചുകുട്ടികളുടെയും തിരുവാതിര, വനിതകളും പുരുഷന്മാരും അവതരിപ്പിച്ച കൈകൊട്ടിക്കളി, ഗാനങ്ങൾ, നൃത്തങ്ങൾ തുടങ്ങിയവ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
സെന്റർ പ്രസിഡന്റ് എ കെ ബീരാൻ കുട്ടി , ജനറൽ സെക്രട്ടറി കെ സത്യൻ, , അഹല്യ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകർ, മലബാർ ഗോൾഡ് പ്രതിനിധി മിഥുൻ , വാൻസ് എക്സ്ചേഞ്ച് പ്രതിനിധി ഉൽകെർഷ് തുടങ്ങിയവർ സംസാരിച്ചു. ശ്രീമതി അനീഷ ഷഹീർ അവതാരകയായി. സെന്റർ വൈസ് പ്രസിഡന്റ് റോയ് ഐ വർഗീസ്, ട്രഷറർ ഷബിൻ പ്രേമരാജൻ, കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ, അസിസ്റ്റന്റ് കലാ വിഭാഗം സെക്രട്ടറി ബാദുഷ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ , അസിസ്റ്റന്റ് കായിക വിഭാഗം സെക്രട്ടറി സുഭാഷ് പി.വി, വനിതാവിഭാഗം കൺവീനർ പ്രീത നാരായണൻ, ജോയിന്റ് കൺവീനർമാരായ ചിത്ര ശ്രീവത്സൻ, ഷെൽമ സുരേഷ് , വളണ്ടിയർ ക്യാപ്റ്റൻ അരുൺകൃഷ്ണൻ , മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , വനിതാ വിഭാഗം പ്രവർത്തകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.