തിരുവനന്തപുരം
കോഴിക്കോട്ട് മൂന്നാം തവണയും നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം സിറോ സർവെയ്ലൻസ് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശദ പദ്ധതിരേഖ തയ്യാറാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തുടർച്ചയായി നിപാ വരുന്നതിൽ ഐസിഎംആറിനും ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് നടപടി. വൈറസിനെതിരെ വ്യക്തികളിലുണ്ടായ പ്രതിരോധശേഷിയും പഠനത്തിന്റെ ഭാഗമാക്കും.
വവ്വാലുകളിൽ ഐസിഎംആർ നടത്തിയ പഠനറിപ്പോർട്ട് കേരളത്തിന് ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നയ്ക്കൽ വൈറളോജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും. ആഗസ്ത് 30ന് മരിച്ച ആദ്യരോഗി സന്ദർശിച്ച വീടിന് സമീപമുള്ള സ്ഥലങ്ങളിലെ വവ്വാലുകളുടെ സാമ്പിൾ പരിശോധിക്കും. നിപാ രണ്ടാം തരംഗത്തിനുള്ള സാധ്യത കുറവാണെങ്കിലും പൂർണമായും തള്ളിക്കളയാനാകില്ല. നിപായുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ആർക്കും പണം ചെലവാക്കേണ്ടിവരില്ലെന്നും സർക്കാർ അത് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.