ന്യൂഡൽഹി
വനിതാ സംവരണ ബിൽ അവതരണവേളയിൽ ഭരണ– -പ്രതിപക്ഷാംഗങ്ങളുടെ വാക്പ്പോര്. വനിതാ സംവരണം തന്റെ ചരിത്രനിയോഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടപ്പോൾ വനിതാ സംവരണത്തിൽ വലിയ താൽപ്പര്യമില്ലാതിരുന്ന ബിജെപിയുടെ മുൻനിലപാട് പ്രതിപക്ഷം ഉയർത്തിക്കാട്ടി. ബിജെപിയുടെ വനിതാ ശാക്തീകരണ അവകാശവാദങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നാടകം മാത്രമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സെൻസസിനു ശേഷമുള്ള മണ്ഡലപുനർനിർണയം പൂർത്തിയാകുന്നതുവരെ വനിതാ സംവരണം നീട്ടിയത് ബിജെപിയുടെ ആത്മാർഥതയില്ലായ്മയുടെ വെളിപ്പെടുത്തലുമായി. സെൻസസ് നടപടികളിലേക്ക് കടക്കുകപോലും ചെയ്യാത്ത സാഹചര്യത്തിൽ സമീപകാലത്തൊന്നും വനിതാ സംവരണം നടപ്പാകില്ല. പവിത്രമായ പല കാര്യങ്ങളും നടപ്പാക്കാൻ ഈശ്വരൻ ഇപ്പോൾ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വനിതാ സംവരണം പ്രഖ്യാപിച്ച് പുതിയ പാർലമെന്റിന്റെ ലോക്സഭയിലെ ആദ്യ പ്രസംഗത്തിൽ മോദി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിൽ വനിതാ സംവരണം കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണെന്ന് കോൺഗ്രസ് സഭാ നേതാവ് അധിർരഞ്ജൻ ചൗധരി പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും വനിതാ സംവരണ ബിൽ നേരത്തേ പാസായിട്ടുണ്ട്. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ ബിൽ പാസായി. യുപിഎ സർക്കാർ പാസാക്കിയ ബിൽ നിലവിലുണ്ട്–- അദ്ദേഹം പറഞ്ഞു. ഇതിനെതിരെ അമിത് ഷാ രംഗത്തുവന്നു. യുപിഎ കാലത്ത് രാജ്യസഭയിൽ പാസാക്കിയ ബിൽ പരിഗണനയ്ക്കായി ലോക്സഭയ്ക്ക് വിട്ടിരുന്നു. 2014ൽ ലോക്സഭയുടെ കാലാവധി അവസാനിച്ചതോടെ ബിൽ കാലഹരണപ്പെട്ടു. ആ ബിൽ നിലവിലില്ല–- അമിത് ഷാ പറഞ്ഞു.
വർഷങ്ങൾ കാത്തിരിക്കണം
വനിതാ സംവരണബിൽ കേന്ദ്ര സർക്കാർ വീണ്ടും അവതരിപ്പിച്ച സാഹചര്യത്തിൽ ബിൽ യാഥാർഥ്യമാകാനുള്ള സാങ്കേതികതടസ്സങ്ങൾ ചർച്ചയാകുന്നു. അടുത്ത സെൻസസിനുശേഷമുള്ള മണ്ഡല പുനർനിർണയത്തിനുശേഷമാകും വനിതാ സംവരണം നടപ്പാക്കുകയെന്ന് പുതിയ ബില്ലിൽ പറയുന്നു. 2002ൽ ഭരണഘടനയുടെ 82–-ാം അനുച്ഛേദത്തിൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം 2026ന് ശേഷമുള്ള ആദ്യത്തെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയത്തിലേക്ക് നീങ്ങാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1881 മുതൽ ഒരോ 10 വർഷം കൂടുമ്പോഴാണ് സെൻസസ് നടത്താറുള്ളത്. എന്നാൽ, 2021ൽ പൂർത്തിയാക്കേണ്ട സെൻസസിന്റെ പ്രാഥമിക നടപടികൾപോലും തുടങ്ങിയിട്ടില്ല.
ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയാലും വനിതാ സംവരണം യാഥാർഥ്യമാകണമെങ്കിൽ അഞ്ചു വർഷമെങ്കിലും കാത്തിരിക്കേണ്ടിവരും. മണ്ഡല പുനർനിർണയം പൂർത്തിയായാൽ ലോക്സഭ, നിയമസഭാ സീറ്റുകൾ വർധിക്കുമെന്ന കാര്യം ഉറപ്പാണെങ്കിലും എത്ര സീറ്റുകൾ വർധിക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ പുനർനിർണയം പൂർത്തിയായാൽ മാത്രമേ വ്യക്തത വരൂ.
വനിതാ സംവരണം നടപ്പാക്കുമ്പോൾ മറ്റു പിന്നോക്കവിഭാഗക്കാർക്ക് അതിനുള്ളിൽ സംവരണം ഉറപ്പാക്കണമെന്ന ആവശ്യം എസ്പി, ബിഎസ്പി, ആർജെഡി തുടങ്ങിയ പാർടികൾ ഉന്നയിച്ചിട്ടുണ്ട്. മുന്നോക്കവിഭാഗക്കാർക്കുമാത്രം സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് ഇക്കൂട്ടർ ആവശ്യപ്പെടുന്നത്. വനിതാ സംവരണത്തിൽ ഒബിസി ക്വോട്ട അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്നാണ് പാർലമെന്ററി സമിതികൾ നൽകിയിട്ടുള്ള നിർദേശം.