കൊച്ചി
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരാമർശങ്ങൾ ഉൾപ്പെടുത്തി നൽകിയ ഹർജി പിൻവലിക്കാൻ അനുമതിതേടിയുള്ള അപേക്ഷയിൽ ഐജി ഗുഗുലോത്ത് ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമർശം. ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി ഐജിക്ക് രക്ഷപ്പെടാനാകില്ലെന്നും അത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി വ്യക്തമാക്കി.
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത വഞ്ചനാകേസിലെ നാലാംപ്രതിയാണ് ഐജി ലക്ഷ്മൺ. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നും കേസിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിവാദ പരാമർശം ഉണ്ടായിരുന്നത്.
ഹർജിയിലെ ആരോപണങ്ങൾ തന്റെ അറിവോടെയല്ലെന്നും ചികിത്സയിലായിരുന്ന സമയത്ത് അഭിഭാഷകനാണ് ഈ പരാമർശങ്ങൾ ഉൾപ്പെടുത്തിയതെന്നുമാണ് ലക്ഷ്മൺ സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഈ ഹർജി പിൻവലിക്കാനാണ് കോടതിയുടെ അനുമതി തേടിയത്.കോടതിനടപടികളെ പ്രഹസനമാക്കരുതെന്നും അഭിഭാഷകനെ കുറ്റംപറയാൻ കക്ഷിയെ അനുവദിക്കില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി ഐജിക്ക് രക്ഷപ്പെടാനാകില്ല. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആരോപണം ഉന്നയിക്കുന്നത്. ആരോപണങ്ങൾ അഭിഭാഷകന്റെ ഭാവിയെ ബാധിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകനെ കുറ്റപ്പെടുത്തിയില്ലെന്ന് ലക്ഷ്മണിനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
ലക്ഷ്മണിനായി ആദ്യം ഹാജരായ അഡ്വ. നോബിൾ മാത്യുവിനെ മാറ്റിയതെന്തിനാണെന്ന് കോടതി ചോദിച്ചു. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് നൽകിയില്ലെങ്കിൽ കനത്ത പിഴ ചുമത്തുമെന്നും കോടതി പറഞ്ഞു. ഹർജി പിൻവലിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. നോബിൾ മാത്യുവിനുപകരം പുതിയ അഭിഭാഷകനാണ് ചൊവ്വാഴ്ച ലക്ഷ്മണിനായി ഹാജരായത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.