ന്യൂഡൽഹി
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്തുള്ള 128–-ാം ഭരണഘടനാ ഭേദഗതി ബിൽ ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ആദ്യമായി ചേർന്ന ലോക്സഭയിൽ ‘നാരി ശക്തി വന്ദൻ അദിനിയം’ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിൽ പ്രഖ്യാപിച്ചത്. നിയമമന്ത്രി അർജുൻ റാം മെഘ്വാൾ ബില്ലവതരിപ്പിച്ചു.
അടുത്ത മണ്ഡല പുനർനിർണയത്തിനുശേഷം മാത്രമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്നാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. മണ്ഡല പുനർനിർണയമാകട്ടെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത, അടുത്ത സെൻസസിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടക്കൂ. അതുകൊണ്ടുതന്നെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിത സംവരണമുണ്ടാകില്ല. വനിതാ സംവരണം ഉടന് നടപ്പാക്കാൻ സർക്കാരിന് താൽപ്പര്യമില്ലെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് മുന്നിൽ കണ്ടുള്ള ‘ജഗപൊഗ’ മാത്രമാണ് ബിൽ എന്നും വ്യക്തം. കൂടിയാലോചനകൾ കൂടാതെ ബിൽ കൊണ്ടുവന്നതിൽ ബിജെപിയിൽ ഒരു വിഭാഗം അതൃപ്തരാണ്.
ലോക്സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളിൽ 15 വർഷത്തേക്കാണ് വനിതാ സംവരണമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. സംവരണ കാലാവധി പാർലമെന്റിന് നിയമനിർമാണത്തിലൂടെ നീട്ടാം. വനിതാ സംവരണമായി മാറിയ മണ്ഡലങ്ങൾ അടുത്ത മണ്ഡല പുനർനിർണയംവരെ ആ നിലയിൽ തുടരും. ഓരോ പുനർനിർണയത്തിനുശേഷവും സംവരണ മണ്ഡലങ്ങൾ ഊഴമിട്ട് മാറും.
എസ്സി എസ്ടി മണ്ഡലങ്ങൾക്കും വനിതാ സംവരണം ബാധകം. ഇതുംകൂടി ചേർത്താണ് മൂന്നിലൊന്ന് മണ്ഡലങ്ങൾ വനിതകൾക്കായി മാറ്റിവയ്ക്കുക. ലോക്സഭയിൽ എസ്സി എസ്ടി സംവരണം ഉറപ്പാക്കുന്ന 330–-ാം അനുച്ഛേദത്തിൽ വനിതകൾക്കുകൂടി സംവരണം അനുവദിച്ചുള്ള 330എ(1), (2), (3) വ്യവസ്ഥകൾ ബില്ലിൽ കൂട്ടിച്ചേർത്തു. സംസ്ഥാന നിയമസഭകളിൽ എസ്സി– -എസ്ടി സംവരണം ഉറപ്പാക്കുന്ന 332 അനുച്ഛേദത്തോടൊപ്പം എ(1), (2), (3) വ്യവസ്ഥകൾകൂടി വനിതാ സംവരണത്തിനായി ഉൾച്ചേർത്തു.
ലോക്സഭയിലെയും നിയമസഭകളിലെയും എസ്സി–- എസ്ടി സംവരണത്തിന് നിശ്ചിത സമയപരിധി നിശ്ചയിച്ചുള്ള 334–-ാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിയാണ് വനിതാ സംവരണത്തിന് 15 വർഷത്തെ കാലാവധി, ആവശ്യമെങ്കിൽ പാർലമെന്റിന് സംവരണം നീട്ടാം, മണ്ഡലപുനർനിർണയത്തിനുശേഷം സംവരണം നിലവിൽ വരും തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. 2010ൽ യുപിഎ ഭരണത്തിൽ സമാനമായ ബില്ല് അവതരിപ്പിച്ചിരുന്നു.
സുപ്രീംകോടതിയിൽ
നിലപാട് വ്യക്തമാക്കിയത് സിപിഐ എം മാത്രം
വനിതാസംവരണ ബിൽ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയ ഏക രാഷ്ട്രീയ പാർടി സിപിഐ എം മാത്രമെന്ന് സുപ്രീംകോടതി. ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ നിർദേശിക്കണമെന്ന നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമെന്റെ (എൻഎഫ്ഐഡബ്ല്യു) ഹർജി കഴിഞ്ഞ ആഗസ്ത് 11ന് പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ‘‘വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇത്. എല്ലാ രാഷ്ട്രീയ പാർടികളുടെയും നിലപാട് അറിയാൻ കോടതിക്ക് ആഗ്രഹമുണ്ട്. സിപിഐ എം ഒഴികെ മറ്റ് പാർടികളൊന്നും നിലപാട് അറിയിച്ചിട്ടില്ല’’–- ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭട്ടി എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാട്ടി. വനിതാസംവരണ ബിൽ വീണ്ടും അവതരിപ്പിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയില്ല. നിലപാട് അറിയിക്കാൻ മടിക്കുന്നത് എന്തിനാണെന്നും ചോദിച്ചിരുന്നു.