ടൊറന്റോ/ന്യൂഡൽഹി
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ ക്യാനഡയിൽവച്ച് കൊന്നത് ഇന്ത്യൻ ഏജൻസികളാണെന്ന ഗുരുതര ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പിന്നാലെ, ഇരുരാജ്യവും തമ്മിലുള്ള നയതന്ത്ര ഏറ്റുമുട്ടൽ രൂക്ഷമായി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ‘റോ’യുടെ രാജ്യത്തെ സ്റ്റേഷൻ മേധാവി പവൻ കുമാർ റായിയെ ക്യാനഡ പുറത്താക്കി. മറുപടിയായി ന്യൂഡൽഹിയിലെ കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഇന്ത്യയിലെ മേധാവി ഒലിവിയർ സിൽവെസ്റ്ററെ ഇന്ത്യ പുറത്താക്കി. ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാര കരാറിൽ നിന്നും ക്യാനഡ പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ട്രൂഡോയുടെ ഗുരുതര വെളിപ്പെടുത്തൽ. ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകരാജ്യങ്ങൾക്കുമുന്നിൽ ‘വിശ്വഗുരു’വായെന്ന പ്രചാരണത്തിന്റെ പരിഹാസ്യതയാണ് ക്യാനഡയുടെ രൂക്ഷ പ്രതികരണത്തിലൂടെ പുറത്തുവന്നത്. ഇന്ത്യയെ പ്രകോപിപ്പിക്കാനല്ല വിഷയം ഗൗരവത്തോടെ കാണാനാണ് ഇടപെടലെന്ന് ചൊവ്വ രാത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.
ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തലയ്ക്ക് പത്തുലക്ഷം രൂപ വിലയിട്ട ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി നിജ്ജാർ (45) ജൂൺ പതിനെട്ടിനാണ് ക്യാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കൊല്ലപ്പെട്ടത്. വാൻകൂറിലെ ഗുരുദ്വാരയുടെ മുറ്റത്ത് വാഹനത്തിൽ ഇരിക്കവെ രണ്ടുപേർ മോട്ടോർസൈക്കിളിലെത്തി വെടിവച്ച് കൊല്ലുകയായിരുന്നു. ഇതിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് ബന്ധമുണ്ടെന്നാണ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ ട്രൂഡോ പറഞ്ഞത്. ക്യാനഡയുടെ മണ്ണിൽ ക്യാനഡ പൗരനെ കൊന്നത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ജി 20 ഉച്ചകോടിക്കിടെ മോദിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ട്രൂഡോ പറഞ്ഞു. പിന്നാലെയാണ് മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞൻ പവൻ കുമാർ റായിയെ പുറത്താക്കിയത്.
ഇതിനോടുള്ള മറുപടിയായാണ് കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കിയത്. ചൊവ്വ രാവിലെ കനേഡിയൻ ഹൈകമീഷണർ കാമറൂൺ മക്കെയ്യെ വിളിച്ചുവരുത്തിയാണ് വിദേശമന്ത്രാലയം തീരുമാനം അറിയിച്ചത്. സിൽവെസ്റ്റർ അഞ്ചുദിവസത്തിനുള്ളിൽ രാജ്യം വിടണം. ഖലിസ്ഥാൻ വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവരോട് ക്യാനഡ അനുതാപപൂർവമാണ് പെരുമാറുന്നത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുന്നതിലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തത്തിലും കേന്ദ്രസർക്കാരിന് ആശങ്കയുണ്ടെന്നും വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആശങ്കാജനകം: അമേരിക്ക, ബ്രിട്ടണ്, ഓസ്ട്രേലിയ
കനേഡിയൻ പൗരനെ ഇന്ത്യൻ ഏജന്റുമാർ കൊന്നതായ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ആശങ്കയുയർത്തുന്നതെന്ന് അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ. വിഷയം ട്രൂഡോ ഈ മൂന്നു രാജ്യത്തെയും നേരത്തെ ധരിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ട്രൂഡോയുടേത് ഗൗരവമേറിയ ആരോപണമാണെന്നും വിഷയം ക്യാനഡ സർക്കാരുമായി ചർച്ച ചെയ്ത് വരികയാണെന്നും ബ്രിട്ടീഷ് സർക്കാർ വക്താവ് പ്രതികരിച്ചു. ആശങ്കകൾ ഡൽഹിയിലെ ഉന്നതവൃത്തങ്ങളെ അറിയിച്ചതായി ഓസ്ട്രേലിയൻ വിദേശമന്ത്രാലയം വ്യക്തമാക്കി.