ന്യൂഡൽഹി
മോദി സർക്കാർ അവസാന മണിക്കൂറിൽ തിരക്കിട്ട് വനിതാ സംവരണ ബിൽ കൊണ്ടുവന്നതിനു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങള്‍. വനിതാസംവരണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിലടക്കം അഭിപ്രായം രേഖപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാരാണ് നാടകീയമായി ബിൽ കൊണ്ടുവന്നത്.
ഇതുവരെ പ്രഖ്യാപിച്ച വാഗ്ദാനങ്ങളുടെ പൊള്ളത്തരം വെളിപ്പെട്ടുകഴിഞ്ഞപ്പോള് വനിതാസംവരണ ബില്ലിന്റെ പേരിൽ മോദിയെ “ചരിത്രപുരുഷ’നായി വിശേഷിപ്പിച്ച് പ്രചാരണം നടത്തുകയാണ് ബിജെപി ലക്ഷ്യം. രാജ്യത്ത് ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് തട്ടുന്ന ബിജെപിശൈലി രാജ്യമെമ്പാടും ജനങ്ങൾ തിരിച്ചറിഞ്ഞു. സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇതിനു തെളിവാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷികമേഖലയിലെ തകർച്ച എന്നിവ ജനജീവിതം ദുരിതപൂർണമാക്കി.
കോവിഡ്കാലത്ത് കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പുനരുജ്ജീവന പദ്ധതികൾ പാതിവഴിയിൽ മുടങ്ങി. കർഷകരുടെ വരുമാനം അഞ്ചുവർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് ഒന്നാം മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പണപ്പെരുപ്പംകൂടി കണക്കിലെടുക്കുമ്പോൾ കർഷകരുടെ യഥാർഥ വരുമാനം കുറയുകയാണ് ചെയ്തത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുണ്ടായ വർഗീയകലാപങ്ങളിലെ മുഖ്യ ഇരകൾ സ്ത്രീകളായിരുന്നു. വർഗീയവിദ്വേഷം ആളിക്കത്തിക്കുന്ന സമീപനമാണ് ബിജെപിയുമായി ബന്ധമുള്ള സംഘടനകൾ കൈക്കൊള്ളുന്നത്. മണിപ്പുർ കലാപം ബിജെപിയുടെ ഇരട്ടഎൻജിൻ സർക്കാർ മുദ്രാവാക്യം പൊള്ളയാണെന്ന് തെളിയിച്ചു. അതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പിനായി പുതിയ പ്രചരണായുധം കണ്ടെത്തേണ്ടത് അനിവാര്യതയായി. സമാജ്വാദി പാർടി, ആർജെഡി തുടങ്ങിയ പാർടികൾക്ക് വനിതാസംവരണ ബില്ലിനോടുള്ള വിയോജിപ്പ് മുതലെടുത്ത് പ്രതിപക്ഷനിരയിൽ അസ്വസ്ഥത സൃഷ്ടിക്കാനും ബിജെപി ആഗ്രഹിക്കുന്നു.