കുവൈത്ത് സിറ്റി > കുവൈത്തിൽ സർക്കാർ ഏജൻസികളിലെ ജീവനക്കാർക്ക് അവരുടെ സൗകര്യമനുസരിച്ച് അനുയോജ്യ സമയത്ത് ജോലി അവസരമൊരുങ്ങുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി.
രാവിലെ 7:00 മുതൽ 9:00 വരെയുള്ള സമയങ്ങളിലാണ് ജോലി സമയം ആരംഭിക്കുക. ഉച്ചയ്ക്ക് 1:30 മുതൽ 3.30 വരെയാണ് ജോലി സമയം അവസാനിക്കുക. ഈ സമയക്രമം അനുസരിച്ച് 7 മണിക്കൂർ ദൈർഘ്യമുള്ള ജോലി സമയം ജീവനക്കാർക്ക് തെരഞ്ഞെടുക്കാവുന്നതാണ്.ഇതിൽ ജോലി സമയം ആരംഭിച്ചതിന് ശേഷമോ അല്ലെങ്കിൽ ജോലി സമയം അവസാനിക്കുന്നതിനു മുമ്പോ 30 മിനിട്ട് ഗ്രേസ് പിരീഡും അനുവദിക്കുന്നതാണ്.
ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും, ,അവശ്യ സര്‍വിസുകളിലെ ജീവനക്കാര്‍ക്കും ജോലിയുടെ പ്രവർത്തന സ്വഭാവം അനുസരിച്ചുള്ള സമയക്രമം തെരഞ്ഞെടുക്കുവാൻ അതാത് കാര്യാലയങ്ങൾക്ക് സിവിൽ സർവീസ് കമ്മീഷൻ അധികാരം നൽകിയിട്ടുണ്ട്. പുതിയ സംവിധാനം ജീവനക്കാരുടെ കാര്യക്ഷമതയും ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്. നിലവിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് ഒരുപരിധി വരെപരിഹാരമാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.