കുവൈത്ത് സിറ്റി> കുവൈത്തിൽ സ്വകാര്യ ക്ലിനിക്, ആശുപത്രി നടത്തിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദേശങ്ങൾക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവദി അറിയിച്ചു.
മന്ത്രിതല തീരുമാനം അനുസരിച്ച് ക്ലിനിക്കുകളുടെയോ ആശുപത്രികളുടെയോ ഉടമസ്ഥാവകാശ കരാറിൽ ഒരാൾ സ്വദേശി ഡോക്ടറായിരിക്കണം. അതോടൊപ്പം കൃത്രിമം തടയുന്നതിനായി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ ലീസിന് നൽകുന്നതിലും ലൈസൻസ് ഉടമകൾ അല്ലാത്തവർ നിക്ഷേപങ്ങൾ നടത്തുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.