ദുബായ്> ദുബായ് ദ്വീപുകളെയും ബർ ദുബായിയെയും ബന്ധിപ്പിക്കാനായി പാലം നിർമ്മിക്കാൻ പദ്ധതിയെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 1.4 കിലോമീറ്റർ നീളത്തിലാണ് പുതിയപാലം വരുന്നത്.
ഓരോ ദിശകളിലേക്കുമായി നാല് പാതകൾ വീതമുണ്ടാകും. പാലത്തിന്റെ ഇരുദിശകളിലുമായി മണിക്കൂറിൽ 16,000 വാഹനങ്ങൾ സഞ്ചരിക്കാൻ ശേഷിയുള്ള നാലുവരിപ്പാതയുണ്ടാകുമെന്നും ആർ ടി എ അറിയിച്ചു. ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട്ട് റാഷിദ് വികസന പദ്ധതിക്കും ഇടയിൽ ക്രീക്കിന് കുറുകെ നീളുന്ന പുതിയ പാലത്തിലൂടെ ബർ ദുബായ് ഭാഗത്ത് ദുബായ് ദ്വീപുകൾക്ക് നേരിട്ടുള്ള പ്രവേശന, എക്സിറ്റ് പോയിന്റുകൾ ഉണ്ടാകും.
സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമായി ഒരു ട്രാക്ക് പാലത്തിന് സമീപത്തു നിർമ്മിക്കും. അതേസമയം ദുബായ് ദ്വീപുകളുടെയും ബർ ദുബായുടെയും രണ്ടറ്റത്തുനിന്നും നിലവിലുള്ള റോഡുകളെ ബന്ധിപ്പിക്കുന്നതിന് ഏകദേശം 2 കിലോമീറ്റർ നീളമുള്ള ഉപരിതല റോഡുകളും പദ്ധതിയിൽ അവതരിപ്പിക്കും.
2026ൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിർമ്മാണത്തിനുള്ള കരാർ ആർടിഎയുടെ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ചെയർമാനുമായ മത്തർ അൽ തായറും നഖീൽ ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനിയും ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.