തിരുവനന്തപുരം > ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികാസ പരിണാമങ്ങളിലെ നാഴികക്കല്ലായ ജനറേറ്റീവ് എഐ സാങ്കോതികതയെപ്പറ്റി ഐഎച്ച്ആർഡി അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കുന്നു. ‘ജനറേറ്റീവ് എഐയും ഭാവി വിദ്യാഭ്യാസവും’ എന്ന വിഷയത്തിൽ സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ തിരുവനന്തപുരത്ത് ഐഎംജിയിലാണ് കോൺക്ലേവ് നടത്തുന്നത്. പരിപാടിയുടെ ബ്രോഷർ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രകാശനം ചെയ്തു.
ദേശീയ അന്തർദേശീയ വിദഗ്ദരും വ്യവസായ പ്രമുഖരും കോൺക്ലേവിൽ പങ്കെടുക്കും. നിർമ്മിത ബുദ്ധിയുടെ ശക്തി സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന ആലോചനകൾക്കും ശ്രമങ്ങൾക്കും കോൺക്ലേവിൽ തുടക്കമിടും. ഡൈനാമിക് പാനൽ ചർച്ചകളും അക്കാദമിക് വിദഗ്ധർ, നയനിർമ്മാതാക്കൾ, ഭരണാധികാരികൾ എന്നിവരൊരുമിച്ചുള്ള സമഗ്ര സംവാദവും കോൺക്ലേവിൽ നടക്കും. പ്രേക്ഷകർക്കും പങ്കാളിത്തം വഹിയ്ക്കാൻ കഴിയുംവിധം ഹൈബ്രിഡ് മോഡിലാണ് കോൺക്ലേവ് നടത്തുന്നത്. കോൺക്ലേവിന് മുന്നോടിയായി, കേരളത്തിലെ വിവിധ ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ എഐ-തീം സെമിനാറുകളും വർക്ക്ഷോപ്പുകളും ഉൾപ്പെടെയുള്ള പ്രീ-കോൺക്ലേവ് പ്രവർത്തനങ്ങളും നടത്തും.