കൊൽക്കത്ത
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സർക്കാരിനെ ബിജെപി പ്രവർത്തകർ പാർടി ഓഫീസിൽ പൂട്ടിയിട്ടു. നേതാവിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പ്രവർത്തകരുടെ നടപടി. ബിജെപി ബാങ്കുറ ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗത്തിന് എത്തിയതാണ് ഇവിടെനിന്നുള്ള എംപിയായ നേതാവ്.
അമ്പതോളം പ്രവർത്തകർ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഒഫീസിലേക്ക് തള്ളിക്കയറി മുറിപൂട്ടകയുമായിരുന്നു. ഇതോടെ മന്ത്രിയുടെ അനുകൂലികളും എതിരാളികളും തമ്മിൽ സംഘർഷമുണ്ടായി. മന്ത്രിയുടെ അനുയായികളെ മാത്രമാണ് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതെന്നും എല്ലാ തീരുമാനങ്ങളും ഏകപക്ഷീയമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലയിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടതിന്റെ മുഖ്യകാരണം മന്ത്രിയുടെ പ്രവർത്തനമാണെന്നും എതിർ വിഭാഗം നേതാവായ മോഹിത് ശർമ പറഞ്ഞു.