ന്യൂഡൽഹി
മണിപ്പുരിൽ കുക്കി ഗ്രാമത്തിനുനേരെ ബോംബാക്രമണം. ഇംഫാൽ വെസ്റ്റ് ജില്ലയുടെയും കാങ്പോക്പി ജില്ലയുടെയും അതിർത്തിയായ കൗത്രുക് ഗ്രാമത്തിലാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. അക്രമികൾ പത്തോളം ബോംബുകൾ ഗ്രാമീണരെ ലക്ഷ്യമാക്കി എറിഞ്ഞു. ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. മെയ്ത്തീ തീവ്രവാദി സംഘടനകളാകാം ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം. അക്രമികൾക്കുനേരെ സുരക്ഷാസേന വെടിവച്ചു.
കാങ്പോക്പി ജില്ലയിലെ ഖരം വൈഫെയ് ഗ്രാമത്തിൽ കുക്കിവിഭാഗക്കാരായ മൂന്നുപേരെ കഴിഞ്ഞദിവസം അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ബോംബാക്രമണത്തെ തുടർന്ന് ഗ്രാമീണർ ഭീതിയിലാണ്. മെയ് മൂന്നിന് മണിപ്പുരിൽ കലാപം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകളുണ്ടായ മേഖല കൂടിയാണ് കൗത്രുക്. കഴിഞ്ഞയാഴ്ച പതിനാലുകാരിയായ പെൺകുട്ടിക്ക് ഇവിടെ വെടിവെയ്പിൽ പരിക്കേറ്റിരുന്നു. മണിപ്പുരിൽ കുക്കി–- മെയ്ത്തീ ഗ്രാമങ്ങൾ അതിരിടുന്ന മേഖലകളിലാകെ സംഘർഷസ്ഥിതി തുടരുകയാണ്.
പൊലീസുകാരനെ കൊന്നു
ബുധനാഴ്ച ഒരു പൊലീസുകാരനെ അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തി. കുക്കി മേഖലയായ ചുരാചന്ദ്പ്പുരിലെ ചിങ്ഫെയിൽ ബങ്കറിൽ കാവലിരിക്കുമ്പോഴാണ് സബ് ഇൻസ്പെക്ടർ ഒങ്കോമെങ്ങിന് വെടിയേറ്റത്. മറ്റ് രണ്ടുപേർക്ക് പരിക്കുണ്ട്. മെയ്ത്തീ തീവ്രവാദ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇംഫാൽ താഴ്വരയിൽ നിരോധിത തീവ്രവാദ സംഘടനകൾ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.