കോഴിക്കോട്
മൂന്നാമതും നിപാ ബാധയിൽ കോഴിക്കോട് ഞെട്ടവെ രോഗം പടരാതിരിക്കാനും ആരോഗ്യപ്രതിരോധത്തിനും സർക്കാർ സ്വീകരിച്ചത് അതിവേഗ നടപടികൾ. ജനങ്ങളെ ഭീതിയിലാഴ്ത്താതെ പഴുതടച്ച പ്രതിരോധം ഉറപ്പാക്കാൻ മന്ത്രിമാർ നേരിട്ടെത്തി. ആരോഗ്യമന്ത്രി വീണാ ജോർജും നാട്ടുകാരനായ മന്ത്രി പി എ മുഹമ്മദ് റിയാസും മുന്നിൽനിന്ന് തന്ത്രങ്ങൾ ആവിഷ്കരിച്ചു.
നിപായെ മഹാമാരിയാകാതെ പിടിച്ചുകെട്ടാനുള്ള സർക്കാർ ദൗത്യം ലക്ഷ്യംകാണുകയാണെന്ന സൂചനയാണ് വിദഗ്ധർ നൽകുന്നത്. ആദ്യ മണിക്കൂറിൽതന്നെ ജാഗ്രതയോടെ ആരോഗ്യവകുപ്പ് നടത്തിയ നീക്കം ഫലംകാണുകയാണ്. മന്ത്രി വീണാ ജോർജ് ചൊവ്വ പുലർച്ചെ കോഴിക്കോട്ട് കുതിച്ചെത്തി. കലക്ടറേറ്റിലും മെഡിക്കൽ കോളേജിലും സജ്ജീകരണങ്ങളൊരുക്കാൻ നടപടി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രി പി എ മുഹമ്മദ് റിയാസും സ്ഥലത്ത് കേന്ദ്രീകരിച്ചു.
ചൊവ്വ രാവിലെ കലക്ടറേറ്റിൽ ഉന്നതതലയോഗം വിളിച്ചു. 2021-ൽ ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാനദണ്ഡമനുസരിച്ചുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കി. 16 ടീമുകൾ അടങ്ങിയ കോർ കമ്മിറ്റിയുണ്ടാക്കി അടിത്തട്ടുവരെ ജാഗ്രതയോടെ നീങ്ങി. മെഡിക്കൽ കോളേജിൽ പ്രത്യേക ഐസിയു സജ്ജമാക്കി. ഐസൊലേഷൻ വാർഡടക്കമുള്ള സൗകര്യം ഒരുക്കി.
2018–-ൽ രോഗം തിരിച്ചറിയാനായത് 36 മണിക്കൂർകൊണ്ടായിരുന്നുവെങ്കിൽ, ഇത്തവണ ആറുമണിക്കൂറിനകം സാധ്യമായി. രോഗബാധിതരുടെ പ്രദേശത്ത് പ്രതിരോധപ്രവർത്തനത്തിന് മുൻഗണന നൽകി. സമ്പർക്ക പട്ടിക, കന്റോൺമെന്റ് സോൺ പ്രഖ്യാപനം, സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തൽ എന്നിവയും അതിവേഗമായി. മരിച്ചവരുടെ നാടായ ആയഞ്ചേരിയിലും മരുതോങ്കരയിലും ഭീതിപരക്കാതിരിക്കാൻ ശ്രദ്ധിച്ചു. കുറ്റ്യാടിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗംചേർന്നു. വാർഡ്തലംവരെ ജനകീയ പങ്കാളിത്തത്തിൽ പ്രതിരോധപ്രവർത്തനവും ആവിഷ്കരിച്ചു. പിപിഇ കിറ്റ്, എൻ 95 മാസ്ക്, മറ്റ് സുരക്ഷാ സാമഗ്രികൾ, മരുന്നുകൾ എന്നിവയുടെ ലഭ്യതയും മതിയായ ജീവനക്കാരേയും ഉറപ്പാക്കി. കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകൾക്കും ജാഗ്രതാ നിർദേശംനൽകി.
ഇമചിമ്മാതെ വാർ റൂം
കണ്ണിമ ചിമ്മാതെ പ്രതിരോധ സജ്ജമായി നിപാ കൺട്രോൾ റൂം. നിപാ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് ഗവ. ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂം ആരംഭിച്ചത്. ഇവിടെയുള്ള കോൾ സെന്റർ 24 മണിക്കൂർ പ്രവർത്തിക്കും. മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവർത്തനം. ഓരോ ഷിഫ്റ്റിലും പത്തുപേർവീതം ഉണ്ടാവും. ആരോഗ്യപ്രവർത്തകരും കലക്ടറേറ്റിലും ആരോഗ്യവകുപ്പിലും ഇന്റേൺഷിപ്പ് ചെയ്യുന്നവരുമായി എൺപതോളം പേരാണ് കൺട്രോൾ റൂമിലുള്ളത്.
സമ്പർക്ക പട്ടികയിലുള്ള മുഴുവൻ ആളുകളുടെയും വിവരശേഖരണം നടത്തുന്നുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി വിവരങ്ങളും ശേഖരിക്കുന്നു. സമ്പർക്ക പട്ടിക കണ്ടെത്തൽ, ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങൾ, വിവിധ ആശുപത്രികളുടെ ഏകോപനം, ഡാറ്റാ മാനേജ്മെന്റ്, കൗൺസലിങ്, മീഡിയ എന്നീ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ രൂപീകരിച്ച 19 കോർ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും കൺട്രോൾ റൂം അവലോകനം ചെയ്യുന്നു. മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവർ കൺട്രോൾ റൂം പ്രവർത്തനം വിലയിരുത്തി.
കോഴിക്കോട് പി ഡബ്ല്യൂ ഡി ഗസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന നിപാ കൺട്രോൾ സെൽ
വിളികൾ
അഞ്ഞൂറിലധികം
ബുധനാഴ്ചവരെ അഞ്ഞൂറിലധികം പേർ കൺട്രോൾ റൂം നമ്പറുകളിൽ വിളിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന ധാരാളംപേർ കൺട്രോൾ റൂമിനെ ആശ്രയിച്ചു. നിയന്ത്രിത മേഖലയിലെ വിവരങ്ങൾ തിരക്കിയും വിളികളെത്തി.
ഡയറക്ടറേറ്റില് കണ്ട്രോള് റൂം
കോഴിക്കോട് നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ സംസ്ഥാനതല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 0471 2302160 നമ്പരിൽ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ വിളിക്കാം. സംശയ നിവാരണത്തിന് ദിശ ടോൾഫ്രീ നമ്പറുകളായ 1056, 104, 0471 2552056 എന്നിവയിൽ 24 മണിക്കൂറും ബന്ധപ്പെടാം.
ജില്ലകളിൽ
ആംബുലൻസും വാർഡും
നിപാ വൈറസ് സംശയിക്കുന്ന ആളുകളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലൻസ്, ഐസൊലേഷൻ വാർഡ്, ഇൻഫ്ളുവൻസ ലക്ഷണങ്ങൾ ഉള്ളവർക്ക് പ്രത്യേക ട്രയാജ് എന്നിവ സജ്ജമാക്കും.
ഏതുസമയവും വിളിക്കാം
0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളിൽ സംശയനിവാരണത്തിനായി വിളിക്കാം.
ആരോഗ്യവകുപ്പ് പൂർണസജ്ജം
കോഴിക്കോട് റിപ്പോർട്ട് ചെയ്ത നിപാ രോഗത്തെ നേരിടാൻ ആരോഗ്യ വകുപ്പ് പൂർണസജ്ജമെന്ന് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ബിഎസ്എൽ ലെവൽ 2 ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ നിപായാണെന്ന് സ്ഥിരീകരിച്ചതോടെ പ്രോട്ടോകോൾ അനുസരിച്ചുള്ള എല്ലാ നടപടിയും സ്വീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സാങ്കേതികമായ ഫലപ്രഖ്യാപനം മാത്രമാണ് ലഭിക്കാനുണ്ടായിരുന്നതെന്നും നിയമസഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ തന്നെ മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നു. അതേസമയം മരിച്ച വ്യക്തിക്ക് കരൾ രോഗമുണ്ടായിരുന്നതിനാൽ സ്വകാര്യ ആശുപത്രി നിപാ സംശയിച്ചിരുന്നില്ല. കോഴിക്കോട് ലാബിലെ ഫലം പോസിറ്റീവായതോടെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്ന് ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. നേരിട്ട് കോഴിക്കോടെത്തി പ്രതിരോധ പ്രവർത്തനം ഏകോപിപ്പിച്ചു.
2018ൽ നിപാ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രോട്ടോകോൾ രൂപീകരിക്കുകയും 2021ൽ പുതുക്കുകയും ചെയ്തിരുന്നു. പുതുക്കിയ പ്രോട്ടോകോൾ പ്രകാരമുള്ള പ്രവർത്തനം നടന്നുവരികയാണ്. മരിച്ചയാളുടെയും രോഗികളുടെയും രോഗബാധിതരെന്ന് സംശയിക്കുന്നവരുടെയും റൂട്ട്മാപ്പ് തയ്യാറാക്കി. പ്ലാൻ എ, ബി, സി പ്രകാരമാണ് പ്രവർത്തനം. മരുന്നും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ 75 മുറിയുള്ള ഐസൊലേഷൻ വാർഡ് തയ്യാറാക്കിയിട്ടുണ്ട്. രോഗികളുമായി സമ്പർക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. രോഗികൾക്ക് നൽകാനുള്ള മോണോക്ലോണൽ ആന്റിബോഡിയും എത്തിക്കും. കേന്ദ്രസഹായവും തേടിയിട്ടുണ്ട്.
നിപായടക്കമുള്ള പകർച്ചവ്യാധികളുടെ പരിശോധനാഫലം ഇവിടെത്തന്നെ പ്രഖ്യാപിക്കാൻ പര്യാപ്തമായ രീതിയിൽ സംസ്ഥാനത്തെ വൈറോളജി ലാബിനെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനുള്ള അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ട്. രോഗികളുടെ സ്വകാര്യത ഉറപ്പാക്കാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.