ന്യൂഡൽഹി
അഞ്ചുദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ 75 വർഷത്തെ പാർലമെന്ററി ചരിത്രം ചർച്ച ചെയ്യുമെന്ന് കേന്ദ്രസർക്കാർ. സെപ്തംബർ 18ന് തുടങ്ങുന്ന സമ്മേളനത്തിന്റെ അജൻഡ പുറത്തുവിടാത്തത് ചോദ്യംചെയ്ത് പ്രതിപക്ഷ പാർടികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. ബുധൻ രാത്രി ലോക്സഭാ സെക്രട്ടറിയറ്റ് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം നാല് ബില്ല് സമ്മേളനം പരിഗണിക്കും. തെരഞ്ഞെടുപ്പ് കമീഷൻ നിയമനത്തിനുള്ള തെരഞ്ഞെടുപ്പ് സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബിൽ, പോസ്റ്റ് ഓഫീസ് ബിൽ, അഭിഭാഷക ഭേദഗതി ബിൽ, ദി പ്രസ് ആൻഡ് പീരിയോഡിക്കൽസ് ബിൽ എന്നിവയാണ് അജൻഡയിലുള്ളത്.
ആദ്യ രണ്ട് ബില്ലുകൾ കഴിഞ്ഞ സമ്മേളനത്തിൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, രാജ്യത്തിന്റെ പേര് ‘ഭാരതം’ എന്ന് മാത്രമാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ തുടങ്ങിയ അജൻഡകളാണ് പ്രത്യേക സമ്മേളനത്തിൽ ലക്ഷ്യം വയ്ക്കുന്നതെന്ന അഭ്യൂഹം ശക്തമായിരുന്നു. പഴയ പാർലമെന്റിൽ തുടങ്ങുന്ന സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ പുതിയ പാർലമെന്റിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്. ഗണേശ ചതുർഥി ദിവസമായ സെപ്തംബർ 19ന് പൂജയോടുകൂടി പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറാനാണ് നീക്കം.