മംഗളൂരു
ബിജെപി സ്ഥാനാര്‍ഥിയാക്കാമെന്ന് വാഗ്ദാനംചെയ്ത് വ്യവസായിയിൽനിന്ന് അഞ്ചുകോടി രൂപ തട്ടിയതിന് തീവ്രവർഗീയ പ്രസംഗത്തിലൂടെ കുപ്രസിദ്ധയായ ചൈത്ര കുന്ദാപ്പുരയെ പൊലീസ് അറസ്റ്റുചെയ്തു. യുവമോർച്ച ജനറൽ സെക്രട്ടറി ഉൾപ്പെടെ ആറുപേരും പിടിയിലായി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബൈന്ദൂർ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കാമെന്നും ജയിപ്പിച്ച് എംഎൽഎയാക്കാമെന്നും വാഗ്ദാനം നൽകിയാണ് സംഘം വ്യവസായിയായ ഗോവിന്ദ് ബാബു പൂജാരിയെ വഞ്ചിച്ചത്. പണം തിരികെ ചോദിച്ചപ്പോൾ വധഭീഷണി മുഴക്കിയതായും ഗോവിന്ദ് നൽകിയ പരാതിയിലുണ്ട്. തിങ്കളാഴ്ച വൈകിട്ട് ഉഡുപ്പിയിൽ നിന്നാണ് ചൈത്രയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
2022 ജൂലൈ മുതൽ 2023 മാർച്ചുവരെ പല ഘട്ടങ്ങളായാണ് സംഘം ഗോവിന്ദ് ബാബുവിൽനിന്ന് പണം തട്ടിയത്. സ്പന്ദന ടിവിയിൽ അവതാരകയായിരുന്ന ചൈത്ര പ്രകോപനപരമായ മുസ്ലിംവിരുദ്ധ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധയാണ്. ബജ്റംഗദൾ, വിശ്വഹിന്ദു പരിഷത്ത് പരിപാടികളിലെ പ്രധാന പ്രഭാഷകയാണ്.