കൊഹിമ
ഏകസിവിൽ കോഡിനെ എതിർത്ത് ബിജെപി സഖ്യം ഭരിക്കുന്ന നാഗാലാൻഡ് സർക്കാരും. നിർദിഷ്ട ഏകീകൃത സിവിൽ കോഡിന്റെ പരിധിയിൽനിന്ന് സംസ്ഥാനത്തെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ച ഏകകണ്ഠമായി നിയമസഭ പാസാക്കി. ‘നാഗാ ജനതയുടെ സാമ്പ്രദായിക നിയമങ്ങൾക്കും സാമൂഹിക ആചാരങ്ങൾക്കും മതപരമായ ആചാരങ്ങൾക്കും ഏക സിവിൽ കോഡ് ഭീഷണിയുയർത്തുമെന്ന് മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു.
വിവാഹം, വിവാഹമോചനം, സംരക്ഷണം, രക്ഷാകർതൃത്വം, ദത്തെടുക്കൽ, പരിപാലനം, പിന്തുടർച്ചാവകാശം, അനന്തരാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ ഒരൊറ്റ നിയമം വേണമെന്നതാണ് സിവിൽ കോഡിന്റെ പ്രത്യക്ഷമായ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. നിയമസഭ അംഗീകരിച്ച പ്രമേയത്തിനൊപ്പം നിൽക്കുമെന്ന് നാഗാലാൻഡ് ബിജെപി അധ്യക്ഷനും കാബിനറ്റ് മന്ത്രിയുമായ ടെംജെൻ ഇംന അലോങ് പറഞ്ഞു.