ഗ്രേറ്റർ നോയിഡ
പാർലമെന്റ് 2013ൽ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രേറ്റർ നോയിഡയിൽ കർഷകർ നടത്തിവരുന്ന പ്രക്ഷോഭം അഞ്ചാം മാസത്തിലേക്ക്. ചൊവ്വാഴ്ച പൊലീസ് പുതുതായി സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് സ്ത്രീകളും യുവജനങ്ങളും അടക്കമുള്ള കർഷകർ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി മന്ദിരത്തിന് മുന്നിൽ ധർണ നടത്തി. പൊലീസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു.
അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെ, വൈസ് പ്രസിഡന്റ് ഇന്ദ്രജിത് സിങ്, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, ഉത്തർപ്രദേശിലെ ഭാരവാഹികളായ ഭഗത്സിങ്, ദിഗംബർ സിങ്, പുഷ്പേന്ദർ ത്യാഗി, മനോജ്കുമാർ എന്നിവർ സംസാരിച്ചു. സമരം 119 ദിവസം പിന്നിട്ടു. ഏറ്റെടുത്ത് വികസിപ്പിച്ച ഭൂമിയുടെ 10 ശതമാനം കർഷകർക്ക് കൈമാറുക, ഭൂമിക്ക് ന്യായവില ഉറപ്പാക്കുക, കർഷകകുടുംബാംഗങ്ങൾക്ക് തൊഴിൽ നൽകുക, ഭൂമിയില്ലാത്ത കർഷകർക്ക് വീട് വയ്ക്കാൻ സ്ഥലം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമത്തിനുപകരം 1894ലെ നിയമം നടപ്പാക്കാനാണ് യുപി സർക്കാർ ശ്രമിക്കുന്നതെന്ന് കിസാൻസഭ നേതാക്കൾ പറഞ്ഞു.