ജനീവ
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇരട്ടി ശ്രമം നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് യുഎൻ മനുഷ്യാവകാശ കൗൺസിൽ മേധാവി വോൾക്കർ ടർക്ക്. നാലുമാസമായി തുടരുന്ന മണിപ്പുർ കലാപവും, നൂഹിലെ വര്‍ഗീയ കലാപവും ചൂണ്ടിക്കാട്ടിയാണ് പരാമർശം. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ അമ്പത്തിനാലാം സെഷന്റെ ഉദ്ഘാടനപ്രസംഗത്തിലാണ് ഇന്ത്യയിലെ സ്ഥിതി അദ്ദേഹം വിവരിച്ചത്.
‘ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയും വിവേചനങ്ങൾ നേരിടുകയുമാണ്. മുസ്ലിമുകളാണ് ഏറ്റവുമധികം ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ഏറ്റവുമൊടുവിലേതാണ് ഹരിയാനയിലെ ഗുരുഗ്രാമിലുണ്ടായ അതിക്രമം’–- അദ്ദേഹം പറഞ്ഞു.
‘മണിപ്പുരിൽ 200ൽപ്പരം ആളുകൾ കൊല്ലപ്പെടുകയും എഴുപതിനായിരത്തിലേറെപ്പേർക്ക് പലായനം ചെയ്യേണ്ടിയും വന്നു. അസഹിഷ്ണുത, വിദ്വേഷപ്രസംഗങ്ങൾ, മതതീവ്രവാദം, വിവേചനങ്ങൾ എന്നിവയ്ക്കെതിരെ സർക്കാർ ഫലപ്രദമായി നടപടിയെടുക്കണം. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി ഇരട്ടിശ്രമം നടത്തുകയും വേണം’–- അദ്ദേഹം പറഞ്ഞു.