ഹൈദരാബാദ്
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി (തെലുഗുദേശം പാര്‍ടി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ടിഡിപി ആഹ്വാനം ചെയ്ത ബന്ദ് ഭാഗികം. സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. മുന്‍മന്ത്രി പരിതല സുനിതയടക്കം നിരവധി ടിഡിപി നേതാക്കളെ വീട്ടുതടങ്കലിലാക്കി. ചില മേഖലകളിൽ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ചിറ്റൂര്‍–- പുത്തൂര്‍ ദേശീയപാതയില്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തതോടെ ഗതാഗതം സ്തംഭിച്ചു. എന്നാൽ, ദീർഘദൂര ബസുകളും സിറ്റി ബസുകളും സർവീസ് നടത്തിയെന്ന് എപിഎസ്ആർടിസി വൃത്തങ്ങൾ പറഞ്ഞു. പ്രധാന വ്യാവസായിക മേഖലയായ വിശാഖപട്ടണത്ത് ബന്ദ് കാര്യമായി ബാധിച്ചില്ല. വലിയ അക്രമസംഭവങ്ങളില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.
നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട 371 കോടി രൂപയുടെ അഴിമതിക്കേസിലാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റുചെയ്തത്. അഴിമതി വിരുദ്ധ ബ്യൂറോ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട നായിഡു നിലവില്‍ രാജമണ്ട്രി സെൻട്രൽ ജയിലിലാണ്.