തിരുവനന്തപുരം
റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുക, റബർ വ്യവസായികളിൽനിന്ന് ഈടാക്കിയ നികുതി പിഴത്തുക 1788 കോടി കർഷകർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ കിസാൻസഭ നേതൃത്വത്തിൽ14ന് പാർലമെന്റിലേക്ക് മാർച്ച് ചെയ്യും. രാജ്യത്തെ റബറിന്റെ 82 ശതമാനവും കേരളത്തിലെ കർഷകർ കഠിനാധ്വാനം ചെയ്ത് ഉൽപ്പാദിപ്പിക്കുന്നതാണ്. കർഷകരെ കൊള്ളയടിക്കാൻ വ്യവസായികൾ ഓട്ടോമോട്ടീവ് റബർ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ഉണ്ടാക്കി. ഇതിന് മോദി സർക്കാർ കൂട്ടുനിന്നതോടെ റബർ വില 120–-135 രൂപയിലേക്ക് കൂപ്പുകുത്തി. കേരളത്തിൽ 12 ലക്ഷം ചെറുകിട–-ഇടത്തരം കർഷകരും രണ്ട് ലക്ഷം ടാപ്പിങ് തൊഴിലാളികളും 25000 ചെറുകിട കച്ചവടക്കാരും അനുബന്ധ ജോലികൾ ചെയ്യുന്ന ലക്ഷത്തിലധികം തൊഴിലാളികളും ഉണ്ട്. കൃഷിഭൂമിയിൽ 22 ശതമാനവും റബർ ആണ്. ഇതിന്റെ വിലത്തകർച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചു.
റബർ വ്യാവസായിക ഉൽപ്പന്നമാണെന്നും കൃഷിക്കാർക്കു താങ്ങുവില നൽകാൻ കഴിയില്ലെന്നുമാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പ്രഖ്യാപിച്ചത്. മറ്റെല്ലായിടത്തും കാർഷികോൽപ്പന്നമാണ്. ഇവിടെ കേന്ദ്രം താങ്ങുവില പ്രഖ്യാപിച്ച 25 വിളയിൽപ്പോലും ഉൾപ്പെടുത്താത്തത് വിവേചനമാണ്. റബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് കേന്ദ്രം ധനസഹായം നൽകുക, ദേശീയപാതകൾ റബറൈസ് റോഡുകളാക്കുക, കാർഷികവിളയായി പരിഗണിക്കുക, കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പാർലമെന്റ് മാർച്ചിന് മുഴുവൻ റബർ കർഷകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയുണ്ടാകണമെന്ന് കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും അഭ്യർഥിച്ചു.