കൊളംബോ
ദുനിത് വെല്ലാലഗെയുടെ പോർവീര്യത്തിൽ പതറിയെങ്കിലും ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് സൂപ്പർഫോറിൽ ഇന്ത്യ ശ്രീലങ്കയെ കീഴടക്കി. ആവേശകരമായ മത്സരത്തിൽ 41 റണ്ണിനാണ് ജയം. തുടർച്ചയായ രണ്ടാംജയത്തോടെ രോഹിത് ശർമയും കൂട്ടരും ഫൈനലിലെത്തി. ഞായറാഴ്ചയാണ് ഫൈനൽ. ഏകദിനത്തിൽ തുടർച്ചയായ 13 ജയങ്ങളുമായുള്ള ലങ്കയുടെ കുതിപ്പാണ് അവസാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറിൽ 213ന് പുറത്തായി. ലങ്കയുടെ മറുപടി 41.3 ഓവറിൽ 172ന് അവസാനിച്ചു.ലങ്ക തോറ്റെങ്കിലും ഇരുപതുകാരൻ വെല്ലാലഗെയായിരുന്നു താരം. ഇന്ത്യൻ മുൻനിര ബാറ്റർമാരെ കശക്കിയെറിഞ്ഞ ഓൾറൗണ്ടർ ബാറ്റിങ്ങിന് ഇറങ്ങി അവസാനംവരെ പൊരുതി. പക്ഷെ, പിന്തുണ കിട്ടിയില്ല. 46 പന്തിൽ 42 റണ്ണുമായി ഒരറ്റത്ത് പുറത്താകാതെനിന്നു. പന്തെറിഞ്ഞ് 10 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 40 റൺ വഴങ്ങി അഞ്ച് വിക്കറ്റും നേടിയിരുന്നു.
ലങ്കൻ സ്പിന്നർമാർ കളംവാണ പിച്ചിൽ ഇന്ത്യയുടെ മറുപടി പേസർമാരെ കൊണ്ടായിരുന്നു. രണ്ട് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും ഒരു വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ലങ്കയുടെ മുൻനിരയെ തകർത്തു. ശേഷം സ്പിന്നർമാർ കളംപിടിച്ചു. കുൽദീപ് യാദവ് നാലും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് നേടി. കുൽദീപ് ഏകദിനത്തിൽ 150 വിക്കറ്റും തികച്ചു. കഴിഞ്ഞ കളിയിൽ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റാണ് സ്വന്തമാക്കിയത്.
6–-99 എന്ന നിലയിൽ വൻ തകർച്ചയിലായ ദ്വീപുകാർക്ക് ധനഞ്ജയ ഡി സിൽവയും വെല്ലാലഗെയും ചേർന്ന് ജയപ്രതീക്ഷ നൽകിയതാണ്. ഏഴാംവിക്കറ്റിൽ ഈ സഖ്യം 63 റൺ കൂട്ടിച്ചേർത്തു. 38–-ാംഓവറിൽ ധനഞ്ജയയെ (66 പന്തിൽ 41) ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ച് ജഡേജയാണ് ഈ സഖ്യം വേർപിരിച്ചത്. ശേഷമുള്ള ചടങ്ങുകൾ ഹാർദിക് പാണ്ഡ്യയും കുൽദീപും ചേർന്ന് നടത്തി.
ഒരുഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ വെല്ലാലഗെയുടെ ഇടംകൈ സ്പിൻ തകർക്കുകയായിരുന്നു. ടേണും ബൗൺസുമുള്ള പിച്ചിൽ വെല്ലാലഗെ അഞ്ച് വിക്കറ്റ് പിഴുതപ്പോൾ നാലെണ്ണം ചരിത് അസലങ്ക സ്വന്തമാക്കി. ഒരെണ്ണം മഹീഷ് തീക്ഷണയും. ആദ്യമായാണ് ഏകദിനത്തിൽ ഇന്ത്യയുടെ 10 വിക്കറ്റും സ്പിന്നർമാർക്കുമുന്നിൽ വീഴുന്നത്. വിക്കറ്റ് നഷ്ടമില്ലാതെ 80 റൺ എന്ന നിലയിൽനിന്നായിരുന്നു തകർച്ച. തുടർച്ചയായ രണ്ടാംകളിയിലും അരസെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിതാണ് (48 പന്തിൽ 53) ടോപ് സ്കോറർ. കെ എൽ രാഹുൽ (44 പന്തിൽ 39), ഇഷാൻ കിഷൻ (61 പന്തിൽ 33), അക്സർ പട്ടേൽ (36 പന്തിൽ 26) എന്നിവർ ചേർന്നാണ് 200 കടത്തിയത്. സൂപ്പർഫോറിലെ അവസാന കളിയിൽ ഇന്ത്യ വെള്ളിയാഴ്ച ബംഗ്ലാദേശിനെ നേരിടും. ഇന്ന് കളിയില്ല. നാളെ ലങ്ക പാകിസ്ഥാനെ നേരിടും.
രോഹിത് 10,000*
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ 10,000 റൺ തികച്ചു. ഈ നേട്ടം കൈവരിക്കുന്ന പതിനഞ്ചാമത്തെ ക്രിക്കറ്ററാണ് രോഹിത്. നിലവിൽ കളിക്കുന്നവരിൽ വിരാട് കോഹ്ലി (13,027) മാത്രമാണ് മുന്നിൽ. വേഗത്തിൽ 10,000 റൺ തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരനാണ്. 241 ഇന്നിങ്സിൽനിന്നാണ് നേട്ടം. കോഹ്ലിയാണ് (205) ഒന്നാമത്. പട്ടികയിൽ സച്ചിൻ ടെൻഡുൽക്കറാണ് (259) മൂന്നാംസ്ഥാനത്ത്. നാലാമത് സൗരവ് ഗാംഗുലിയും (263).
10,031 റണ്ണാണ് രോഹിതിന്. 30 സെഞ്ചുറികളും മുപ്പത്താറുകാരന്റെ ഏകദിന കണക്കിലുണ്ട്. മൂന്ന് ഇരട്ടസെഞ്ചുറികളും ഇതിലുൾപ്പെടും. സെഞ്ചുറിക്കാരുടെ പട്ടികയിൽ സച്ചിനും (49) കോഹ്ലിക്കും (47) പിന്നിൽ മൂന്നാമത്. ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനൊപ്പം. പതിനായിരം റൺ തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ്. സച്ചിൻ (18,426), കോഹ്ലി, ഗാംഗുലി (11,363), രാഹുൽ ദ്രാവിഡ് (10,889), മഹേന്ദ്ര സിങ് ധോണി (10,773) എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങൾ.