ന്യൂഡൽഹി> ഇന്ത്യ ആതിഥ്യമരുളുന്ന ജി–20 ഉച്ചകോടിയിലും രാജ്യത്തിന് പേര് ‘ഭാരത്’ എന്നാക്കി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിൽ ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ എന്നാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നുമാറ്റാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണു നടപടി.
ജി–20 യുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ ക്ഷണപത്രികയിൽ ‘പ്രസിഡന്റ് ഓഫ് ഭാരത് എന്നു രേഖപ്പെടുത്തിയിരുന്നു. ജി 20 ഉച്ചകോടിയിലെ വിദേശ പ്രതിനിധികൾക്ക് നൽകുന്ന കൈപ്പുസ്തകത്തിലും ‘ഭാരത്; ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നാലെ ആസിയൻ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം അറിയിച്ച് ഇറക്കിയ കുറിപ്പിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നും ആലേഖനം ചെയ്തിരുന്നു.
ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സാധ്യമായ എല്ലാ ഇടങ്ങളിലും പുരാതന കാലംമുതലുള്ള ‘ഭാരത്’ എന്ന് പറയണമെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിർദേശത്തിനു തൊട്ടുപിന്നാലെയാണ് മാറ്റം.