വി കെ ജോസഫ്
എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ പ്രധാനപ്പെട്ട ഘടകങ്ങൾ എന്താണെന്ന് ഞാനാലോചിച്ചിട്ടുണ്ട് പലപ്പോഴും. എന്റെ രാഷ്ട്രീയ സാംസ്കാരിക നിലപാടുകൾ, കലാഭിരുചികൾ, വ്യക്തിപരവും സാമൂഹ്യപരവുമായ അച്ചടക്കം, സ്വഭാവ രൂപീകരണം മുതലായവ എങ്ങനെയൊക്കെയാണ്, ഏതൊക്കെ വഴികളിലൂടെയാണ് സഞ്ചരിച്ചതും സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും എന്ന് കൃത്യമായി അടയാളപ്പെടുത്താനാവില്ലെങ്കിലും അതേക്കുറിച്ച് അന്വേഷിക്കാനാവും. ആ അന്വേഷണത്തിൽ തെളിവാർന്നു വരുന്ന രണ്ട് മൂന്ന് പ്രധാനപ്പെട്ട കൂട്ടുകാരുണ്ട്. മാർക്സിസം, കമ്യൂണിസ്റ്റ് പാർടി, സാഹിത്യം, സിനിമ എന്നിവയാണ് മുമ്പിൽ വരുന്നത്. ഈ നാല് ഭൗതിക സാന്നിധ്യങ്ങൾ മനുഷ്യരെ തൊടുന്ന ആത്മീയതയായി എന്നിൽ നിറഞ്ഞിട്ടുണ്ട്. ലോകമെങ്ങുമുള്ള അറിയപ്പെടാത്ത മനുഷ്യരുമായി എനിക്ക് സൗഹൃദം സ്ഥാപിക്കാനായത് ഇതുകൊണ്ടാണെന്ന് ഞാൻ കരുതുന്നു.
ഒരു മാർക്സിസ്റ്റായിരിക്കുക ആഹ്ലാദകരവും എന്നാലേറെ ശ്രമകരവുമാണ്. നമ്മൾ നമ്മളെ തന്നെ നിരന്തരം ചോദ്യംചെയ്യുകയും നവീകരിക്കുകയും ചെയ്യാനാണ് മാർക്സിസം എന്നെ പഠിപ്പിച്ചത്. സിനിമയാവട്ടെ ഒളിച്ചുവയ്ക്കപ്പെട്ട ഭൂമികകളുടെ, ജീവിത യാഥാർഥ്യങ്ങളുടെ ലോകത്തെ കൂടുതൽ തെളിമയും സൂക്ഷ്മതയുമുള്ള കാഴ്ചകളായി തുറന്നുതന്നുകൊണ്ടേയിരുന്നു. സിനിമയാണ് എന്നെ അപരിചിതമായ സ്ഥലങ്ങളിലേയ്ക്കും അറിയപ്പെടാത്ത മനുഷ്യരിലേക്കും കൂട്ടിക്കൊണ്ടുപോയത്. ഭൗതികമായ യാത്രകൾ മാത്രമല്ല സിനിമകൾ എനിക്ക് നൽകിയത്. അജ്ഞാതരും അറിയപ്പെടാത്തവരുമായ മനുഷ്യരുടെ സങ്കടങ്ങളിലേക്കും സ്വപ്നങ്ങളിലേയ്ക്കും പോരാട്ടങ്ങളിലേയ്ക്കും അവർക്കൊപ്പം ദേശ‐ ഭാഷാതിർത്തികൾ ലംഘിച്ച് സഞ്ചരിക്കാൻ എനിക്കായത് സിനിമകൾ തുറന്നുവച്ച പാതകളിലൂടെയാണ്.
വാക്കുകൾക്ക് പറയാനാവാത്ത സത്യങ്ങൾ കാഴ്ചകളുടെ ബിംബങ്ങളിലൂടെ വായിക്കാൻ പ്രാപ്തരാക്കുന്നത് സിനിമയാണ്. ആ സിനിമകളുടെ സഞ്ചാരങ്ങളിൽ നിന്നാണ് സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും ശരീരത്തിനുള്ളിൽ വളർന്നുകൊണ്ടിരുന്ന ജീർണതയുടെയും കലാപത്തിന്റെയും അസ്വസ്ഥതയുടെയും ഇമേജുകളെ കണ്ടെത്താനായത്. അതുകൊണ്ട് ഈ രാജ്യങ്ങളിലെ ഭരണസംവിധാനങ്ങളും പാർടി സംഘടനകളും തകർന്നടിയുമ്പോൾ വലിയ ഞെട്ടലുകളും ക്ഷോഭങ്ങളും സിനിമയുടെ സൂക്ഷ്മശരീരത്തിലൂടെ സഞ്ചരിക്കുന്ന ഒരു ചലച്ചിത്ര സഞ്ചാരിയും നിരൂപകനും എന്ന നിലയിൽ എനിക്കുണ്ടായില്ല. സിനിമകളിലൂടെ മാത്രമല്ല ചലച്ചിത്ര മേളകളിലെത്തിച്ചേരുന്ന ആ രാജ്യങ്ങളിലെ ചലച്ചിത്രകാരന്മാരിൽനിന്നും നിരൂപകരിൽനിന്നും വാക്കുകൾക്കും ദൃശ്യങ്ങൾക്കുമിടയിലൂടെ പുറത്തുവന്ന അസ്വസ്ഥതകളുടെ നിഴലുകളിൽനിന്നും പലതും കണ്ടെടുക്കാമായിരുന്നു.
സിനിമകൾ വിളിച്ചുകൊണ്ടുപോയ യാത്രകൾ
മാർക്സിന്റെയും ജെന്നിയുടെയും ജന്മസ്ഥലമായ ജർമനിയിലെ ട്രിയർ നഗരത്തിലേക്ക് എന്നെ കൊണ്ടുപോയത് സിനിമയാണ്. മാൻഹൈം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി ആയി ക്ഷണിക്കപ്പെട്ടതുകൊണ്ട് മാത്രമാണ് എനിക്ക് ട്രിയറിൽ പോകാനായത്. ലോകം മാർക്സിനോട് കടപ്പെട്ടിരിക്കുന്നതു പോലെ ജെന്നിയോടും കടപ്പെട്ടിരിക്കുന്നു എന്ന് എന്നെ ബോധ്യപ്പെടുത്തിയത് യങ്ങ് കാൾ മാർക്സ് ( Young Karl Marx ) എന്ന സിനിമയും മേരി ഗബ്രിയേൽ എഴുതിയ പ്രണയവും മൂലധനവും( Love and Capital)എന്ന പുസ്തകവുമാണ്.
പ്രണയത്തിന്റെ മഴവില്ലുകളും ദുരിതങ്ങളുടെ നരകഭൂമിയും ഒരുമിച്ച് തലയിൽ ചുമന്നാണ് ജെന്നി തന്റെ പ്രിയപ്പെട്ടവനെയും മാർക്സിസത്തേയും പൊതിഞ്ഞ് സംരക്ഷിച്ചത്. ട്രിയർ നഗരചത്വരങ്ങളിലൂടെ നടക്കുമ്പോൾ ഞാനൊരു സിനിമയുടെ കാഴ്ചയിലെന്നതുപോലെ ഭൂതകാലത്തിലൂടെ സഞ്ചരിച്ചു. ഈ തെരുവിലൂടെ മാർക്സും ജെന്നിയും സഹോദരങ്ങളും സുഹൃത്തുക്കളും എത്രയോ വട്ടം നടന്നുപോയതിന്റെ ദൃശ്യങ്ങൾ ഒരു ഫ്ലാഷ് ബാക്കിലെന്നതുപോലെ തെളിഞ്ഞുവന്നു. അവരുടെ തീവ്ര പ്രണയത്തിന്റെ നാളുകളിൽ വാക്കുകളുടെയും ഭാവനകളുടെയും ആകാശസഞ്ചാരങ്ങളിൽ നിന്ന് മാർക്സിന്റെ പ്രണയ കവിതകൾ പിറക്കുന്നതും ഞാൻ കണ്ടു.
യാത്രകൾ രണ്ടു വിധമാണെന്ന് പറഞ്ഞല്ലോ. ഒന്ന് ഭൗതികമായ സ്ഥലകാലങ്ങളിലൂടെയുള്ള യാത്ര. രണ്ടാമത്തേത് സാഹിത്യകൃതികളിലൂടെയും സിനിമകളിലൂടെയും നടത്തുന്ന സർഗാത്മകവും ഭാവനാത്മകവുമായ യാത്രകൾ. ഈ രണ്ട് തരത്തിലുള്ള യാത്രകളും എന്നെ നിരന്തരം പുതുക്കിപ്പണിയുന്നുണ്ട്. ഒരു തരത്തിലുമുള്ള
യാത്രകൾ നടത്താത്തവർ എവിടെയോ സ്തംഭിച്ചവരായി ജീവിക്കും. അവർ അവരവരെ തന്നെ പുതുക്കിപ്പണിയാതെ സാവധാനം ജീർണിക്കും. അവരപ്പോൾ മാറ്റങ്ങളെ വെറുക്കുകയും നിരാകരിക്കുകയും ചെയ്യും. അവർ അവരുടെ ഉള്ളിൽ തന്നെ ഭൂതകാലത്തിന്റെ ശവക്കല്ലറകൾ പണിയും.
യാത്രകൾ നടത്താത്തവർ എവിടെയോ സ്തംഭിച്ചവരായി ജീവിക്കും. അവർ അവരവരെ തന്നെ പുതുക്കിപ്പണിയാതെ സാവധാനം ജീർണിക്കും. അവരപ്പോൾ മാറ്റങ്ങളെ വെറുക്കുകയും നിരാകരിക്കുകയും ചെയ്യും. അവർ അവരുടെ ഉള്ളിൽ തന്നെ ഭൂതകാലത്തിന്റെ ശവക്കല്ലറകൾ പണിയും. സിനിമയെ പ്രണയിച്ചതുകൊണ്ടാണ് ലോകമെങ്ങുമുള്ള മനുഷ്യരുടെ ലോകത്തിലൂടെ സഞ്ചരിക്കാനും അവരുടെ ചരിത്രം, സംസ്കാരം, ആഘോഷങ്ങൾ, സങ്കടങ്ങൾ, പോരാട്ടങ്ങൾ എന്നിവ അറിയാനും ഉൾക്കൊള്ളാനും സാധ്യമാകുന്നത്. ഇന്ത്യയുടെ പല നഗരങ്ങളിലൂടെയും ഞാനാദ്യം യാത്ര ചെയ്തതും ഇപ്പോഴും തുടരുന്നതും സിനിമ കാരണമാണ്. ഇന്ത്യൻ സർക്കാരിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയിൽ സ്ഥിരമാകുന്നതിന് മുമ്പ് ഓരോ വർഷവും ഇന്ത്യയിലെ വ്യത്യസ്ത നഗരങ്ങളിലായിരുന്നു നടന്നുകൊണ്ടിരുന്നത്.
ദില്ലി, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ചലച്ചിത്ര മേളയുടെ പുറകേ സുഹൃത്തുക്കളുമായി അലഞ്ഞിട്ടുണ്ട്. സിനിമയും സൗഹൃദങ്ങളും നഗരവിശേഷങ്ങളുമായി കടന്നുപോകുന്ന ചലച്ചിത്രമേളകളിൽ നിന്നാണ് ലോകപ്രശസ്ത ചലച്ചിത്രകാരന്മാരിൽ പലരെയും കാണുന്നത്.
മൈക്കലാഞ്ചലോ അന്റോണിയോണിയെന്ന ഇറ്റാലിയൻ ചലച്ചിത്രകാരൻ കൊൽക്കത്തയിലെ ചലച്ചിത്ര മേളയിൽ പങ്കെടുത്തതിന്റെ ആരവങ്ങൾ ഇന്നും മറക്കാനായിട്ടില്ല. പക്ഷാഘാതം പിടിപെട്ട് രോഗശയ്യയിലായിട്ടും ഊന്നുവടിയുമായി അന്റോണിയോണി വേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തിയറ്ററിലെ മുഴുവൻ ഡെലിഗേറ്റുകളും എണീറ്റ് നിന്ന് കൈയടിച്ച് സ്വീകരിച്ചതിന്റെ ഓർമ ഇപ്പോഴുമുണ്ട്.
മൈക്കലാഞ്ചലോ അന്റോണിയോണിയെന്ന ഇറ്റാലിയൻ ചലച്ചിത്രകാരൻ കൊൽക്കത്തയിലെ ചലച്ചിത്ര മേളയിൽ പങ്കെടുത്തതിന്റെ ആരവങ്ങൾ ഇന്നും മറക്കാനായിട്ടില്ല. പക്ഷാഘാതം പിടിപെട്ട് രോഗശയ്യയിലായിട്ടും ഊന്നുവടിയുമായി അന്റോണിയോണി വേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തിയറ്ററിലെ മുഴുവൻ ഡെലിഗേറ്റുകളും എണീറ്റ് നിന്ന് കൈയടിച്ച് സ്വീകരിച്ചതിന്റെ ഓർമ ഇപ്പോഴുമുണ്ട്.
അന്റോണിയോണി
ഇന്ത്യയിലെ ഇത്രയധികം മനുഷ്യർ തന്റെ സിനിമകളെയും തന്നെയും തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്നതറിഞ്ഞ അദ്ദേഹം വികാരാധീനനായി. ഫെർണാണ്ടോ സൊളാനസ്, ക്രിസ്റ്റോഫ് സനൂസി,പെദ്രോ അൽമദോവാർ, കിംകിഡുക്ക്, പോൾ കോക്സ്, മജീദ് മജീദി, ജാഫർ പനാഹി, മക്മൽ ബഫ്, മാർത്ത മെസോറസ്, സത്യജിത് റായി, മൃണാൾ സെൻ, അബ്ബാസ് കിയോരസ്തമി, റൊമാൻ പൊളാൻസ്കി, വെർണർ ഹെർസോഗ്, ബുദ്ധദേബ് ദാസ് ഗുപ്ത, മണികൗൾ, ദീപാ മേത്ത, മീരാ നായർ, അപർണാ സെൻ അങ്ങനെ നിരവധി ചലച്ചിത്രകാരന്മാരും ചലച്ചിത്രകാരികളും ഈ മേളകളിലെ സാന്നിധ്യങ്ങളായി സിനിമയെ പ്രണയിക്കുന്നവരെ ആഹ്ലാദിപ്പിച്ചു.
ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയെ ഞാൻ കേരളത്തിൽവെച്ചും സ്പെയിനിലെ ഗ്രാനഡ ചലച്ചിത്രമേളയിൽവെച്ചും കണ്ടു. അവിടെ അദ്ദേഹം ജൂറി അംഗമായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രിയപ്പെട്ട മോഹനേട്ടനും അവിടെ ജൂറിയായിരുന്നു. ഞാനും മോഹനേട്ടനൊപ്പമുണ്ടായിരുന്നു.
ഗ്രാനഡയിൽ കെ ആർ മോഹനനോടൊപ്പം
ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ സിനിമകൾക്ക് പ്രത്യേക ഫോക്കസും മത്സരവിഭാഗങ്ങളും ഉള്ള ലോകത്തിലെ ചലച്ചിത്രമേളകളുടെ പ്രതിനിധികൾ പങ്കെടുത്ത സെമിനാറിലേക്കാണ് മോഹനേട്ടനെയും എന്നെയും ക്ഷണിച്ചിരുന്നത്. തുടർന്നുള്ള രണ്ട് വർഷങ്ങളിലും ഇതേ മേളയിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ടു. സ്പെയിനിന്റെ തെക്കേ അറ്റത്തുള്ള ആൻഡലൂഷ്യൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ഗ്രാനഡ. മഹാനായ കവിയും നാടകകൃത്തും ആയ ലോർക്കയുടെ ജന്മനഗരവും കൂടിയാണത്. മലയാളികൾ അധികമില്ലാത്ത നഗരം.
ഏറിയാൽ കന്യാസ്ത്രീകളടക്കം പത്ത് പേർ. ലോർക്കയുടെ നഗരത്തിലും വീട്ടിലും മൂന്നു തവണ പോയിട്ടുള്ള ഏക മലയാളി ഞാനായിരിക്കും എന്ന് കരുതുന്നു.
ജാഫർ പനാഹി
ചിത്രകാരൻ പിക്കാസോയുടെ ജന്മസ്ഥലമായ മലാഗ തൊട്ടടുത്താണ്. പ്രശസ്ത ചലച്ചിത്രകാരൻ ലൂയി ബുനുവലും ചിത്രകാരൻ സാൽവദോർ ദാലിയും ലോർക്കയുടെ സുഹൃത്തുക്കളായിരുന്നു. അവർ വന്ന് താമസിച്ച ലോർക്കയുടെ വീട് എനിക്കൊരു തീർഥാടന കേന്ദ്രം പോലെ ആയിരുന്നു. സിനിമയാണീ യാത്രകളുടെ വാതിലുകൾ തുറന്നത്.
ബുർക്കിനപാസയിലെ ചലച്ചിത്രകാരൻ ഇദ്രിസയെ ഇവിടെവെച്ചാണ് കാണുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ രണ്ട് തവണ അവാർഡ് നേടിയ പ്രതിഭ. ഇദ്രിസയുമായി പങ്കിട്ട ദിനരാത്രങ്ങൾ ഓർമയിലുണ്ട്. ജാഫർ പനാഹി ജൂറി സ്ക്രീനിങ്ങ് തിരക്കിലാകുമ്പോൾ ഭാര്യ തഹീറ ഒറ്റയ്ക്കാകും. ഞാനും ചിലപ്പോൾ ആ സമയത്ത് കാര്യമായ പണിയില്ലാതിരിക്കുകയാണെങ്കിൽ ഞങ്ങളൊരുമിച്ച് നഗരം കാണാനിറങ്ങും. ഞാൻ 2002ൽ ഇറാനിലെ ഇസ്ഫഹാൻ അന്തർദ്ദേശീയ ചലച്ചിത്ര മേളയിൽ അതിഥിയായി വന്നിട്ടുണ്ടെന്നും 15 ദിവസം ടെഹ്റാനിലും ഇസ്ഫഹാനിലും സമീപ സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെന്നുമുള്ള അറിവ് തഹീറയ്ക്ക് ആഹ്ലാദകരമായിരുന്നു. ഇറാനിലേക്കുള്ള എന്റെ യാത്ര വേറിട്ട അനുഭവമായിരുന്നു.
ലോർക്ക
ആ യാത്ര എനിക്ക് ഇറാനെക്കുറിച്ചും ഇറാൻ ജനതയെക്കുറിച്ചും പുതിയ അറിവുകൾ തന്നു. അതിലൊന്നു മാത്രം എനിക്ക് അത്ഭുതകരമായി തോന്നി. ഞാനും സുഹൃത്ത് ചന്ദ്രസേനനും ഇറാൻ എയർവെയ്സിൽ ജോലി ചെയ്യുന്ന രാമചന്ദ്രനെന്ന സുഹൃത്തും കൂടി ടെഹ്റാൻ നഗരത്തിലൂടെ രാത്രി 10 മണിക്ക് നടക്കുകയായിരുന്നു.
അപ്പോഴാണ് ഷെയർ ടാക്സികളിൽ നമ്മൾ അസമയമെന്ന് പറയുന്ന ഈ രാത്രി സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. ഞാൻ അവിശ്വാസത്തോടെയും അത്ഭുതത്തോടെയും രാമചന്ദ്രന്റെ മുഖത്തു നോക്കി. വർഷങ്ങളായി ടെഹ്റാനിൽ താമസിക്കുന്ന രാമചന്ദ്രൻ പറഞ്ഞു: ഇതിവിടെ ഒരു പ്രശ്നമേ അല്ല. അവർ വളരെ സുരക്ഷിതരായി വീട്ടിലെത്തും. നമ്മുടെ നാട്ടിലെ സ്ഥിതി ഞാനാലോചിച്ചു നോക്കി. ഇങ്ങനെ യാത്ര ചെയ്താൽ യാത്രക്കാരികളായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും. പക്ഷേ നമ്മൾ വലിയ വായിൽ വർത്തമാനം പറഞ്ഞ് മറ്റുള്ളവരെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ഇരിക്കും.
ഇറാനിലെത്തുന്നതു വരെ മാധ്യമങ്ങളിലൂടെയും അല്ലാതെയും കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ഇറാനിൽ പെണ്ണുങ്ങൾ ഒന്നും പുറത്തിറങ്ങുന്നില്ലെന്നും പൊതു ഇടങ്ങളിൽ സാന്നിധ്യപ്പെടുന്നില്ലെന്നുമായിരുന്നു ധരിച്ചു വെച്ചിരുന്നത്. പക്ഷേ ഞാൻ ഇറാനിൽ സഞ്ചരിക്കുമ്പോൾ എയർപോർട്ടിലും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഓഫീസുകളിലും ഒക്കെ വളരെയധികം സ്ത്രീകൾ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട്.
ആഫ്രിക്കൻ സംവിധായകൻ ഇദ്രിസയ്ക്കൊപ്പം
മുടി മറച്ച ശിരോവസ്ത്രവും ശരീരം മറയ്ക്കുന്ന വസ്ത്രങ്ങളും ധരിക്കുന്നുണ്ടെന്ന് മാത്രം. അത് ഖൊമേനി വിപ്ലവത്തിനു ശേഷം വന്ന നിയമങ്ങളാണ്. ഇന്നല്ലെങ്കിൽ നാളെ സ്ത്രീകൾ തന്നെ അതിനെതിരെ തെരുവിലിറങ്ങുമെന്നുമുള്ള സൂചനകൾ അവരുടെ വർത്തമാനങ്ങളിലും വസ്ത്രധാരണ താൽപ്പര്യങ്ങളിലും നിന്നറിയാൻ കഴിയുമായിരുന്നു. ഫിലിം ഫെസ്റ്റിവലിനിടയിൽ കണ്ടുമുട്ടിയ വനിതാസംവിധായകർ, യൂണിവേഴ്സിറ്റി വിദ്യാർഥിനികൾ എന്നിവരോട് സംസാരിക്കുമ്പോൾ അതറിയാമായിരുന്നു. ഒരു പെൺകുട്ടിയെ ഞാനിപ്പോഴുമോർമിക്കുന്നു.
ഞാൻ വസ്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ ചുറ്റിലും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവളുടെ മേൽവസ്ത്രത്തിന്റെ കുടുക്കുകളഴിച്ച് പെട്ടെന്ന് തുറന്നു കാണിച്ചു. അവൾ മേൽവസ്ത്രത്തിനടിയിൽ ധരിച്ചിരിക്കുന്നത് ഷർട്ടും ജീൻസുമായിരുന്നു. അങ്ങനെ പത്രങ്ങളിലും ദൃശ്യമാധ്യമ വാർത്തകളിലും ഒന്നും തെളിയാത്ത ചില യാഥാർഥ്യങ്ങളുടെ സൂചനകൾ എനിക്ക് മനസ്സിലാക്കിത്തന്നത് സിനിമകളും അതിനു വേണ്ടിയുള്ള യാത്രകളുമാണ്.
ഇറാനിലെ ചലച്ചിത്രങ്ങളെയും ചലച്ചിത്രകാരന്മാരെയും ചലച്ചിത്രകാരികളെയും കൂടുതൽ അറിഞ്ഞത് അവിടെനിന്നാണ്. നമ്മുടെ ഈ വലിയ മഹാരാജ്യത്തുള്ളതിനേക്കാൾ കൂടുതൽ ചലച്ചിത്രകാരികൾ ചെറിയ ഇറാനിലുണ്ട്. വളരെ ദൂരെ അന്നുവരെ അജ്ഞാതരായിരുന്ന മനുഷ്യർ വളരെ പെട്ടെന്ന് എന്റെ ഹൃദയത്തിനോട് ചേർന്നു നിൽക്കുന്നവരായിത്തീരുന്ന മാജിക്കാണ് സിനിമയുടെ സഞ്ചാരങ്ങൾ കൊണ്ടുവരുന്നത്.
ഇസ്ഫഹാനിലെ ലോകപ്രശസ്തമായ കുട്ടികളുടെ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൂടാരം സിനിമയുടെ നിർമാതാക്കൾ എന്ന നിലയിലാണ് വിഷ്വൽ മീഡിയ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനും സെക്രട്ടറിയും എന്ന നിലയിൽ എന്നെയും ചന്ദ്രസേനനെയും ഇറാനിലേക്ക് ക്ഷണിച്ചത്.
സിനിമയുടെ പ്രണയം നടത്തിച്ച ചില വഴികളിലൊന്നായിരുന്നു സഹകരണ സംഘം. ഈ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ആംസ്റ്റർഡാമിലെ ജാൻ വൃജ്മാൻ ഫൗണ്ടേഷനുമായി സഹകരിച്ച് സ്ത്രീകൾക്കു വേണ്ടിയുള്ള രണ്ട് ശില്പശാലകൾ 2003ൽ സംഘടിപ്പിച്ചത്. ഒന്ന് 60 ദിവസം നീണ്ടുനിന്ന ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം മേക്കിങ്ങിനുവേണ്ടി ഇന്ത്യയുടെ പല ഭാഗത്തുമുള്ള 25 സ്ത്രീകൾ പങ്കെടുത്ത റെസിഡൻസി ശില്പശാല ആയിരുന്നു.
പിന്നീട് 21 ദിവസം നീണ്ടുനിന്ന തിരക്കഥാ രചനയുടെ ശില്പശാല. ഇന്ത്യയ്ക്കകത്ത് നിന്നും പുറത്തുനിന്നും നിരവധി ഫാക്കൽറ്റികൾ പങ്കെടുത്ത ശില്പശാലയായിരുന്നു രണ്ടും.അതിൽ പങ്കെടുത്ത ചിലരൊക്കെ ഇന്ന് ഡോക്യുമെന്ററി സംവിധായകരും ഫീച്ചർ ഫിലിം സംവിധായകരുമാണ്. ഇതെല്ലാം സിനിമയിൽനിന്ന് പുറപ്പെടുന്നതും സിനിമയിലേക്ക് എത്തിച്ചേരുന്നതുമായ പലതരം യാത്രകളിൽ ചിലതാണ്.
ഇന്ത്യൻ സിനിമയിലെ മഹാ സാന്നിധ്യമായ ഋത്വിക് ഘട്ടക്കിന്റെ ജന്മസ്ഥലം ബംഗ്ലാദേശിലെ രാജ്ഷാഹിയാണ്. അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള ഒരു യാത്ര അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് സ്വീകരിക്കാനായിരുന്നു.
ഇന്ത്യൻ സിനിമയിലെ മഹാ സാന്നിധ്യമായ ഋത്വിക് ഘട്ടക്കിന്റെ ജന്മസ്ഥലം ബംഗ്ലാദേശിലെ രാജ്ഷാഹിയാണ്. അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള ഒരു യാത്ര അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് സ്വീകരിക്കാനായിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ കുറച്ചു ഭാഗങ്ങളേ അവശേഷിച്ചിരുന്നുള്ളു. അതൊരു മെഡിക്കൽ കോളേജിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു.
ഋത്വിക് ഘട്ടക്
ആ വീടിന്റെ മുററത്ത് വെച്ചായിരുന്നു മനോഹരമായ ചടങ്ങ്. ബംഗ്ലാദേശുകാർ ഘട്ടക്കിനെ എത്ര അഗാധമായി സ്നേഹിക്കുകയും സ്വന്തം ആളായി കാണുകയും ചെയ്യുന്നുണ്ടെന്നുള്ളത് ആ യാത്രയാണ് എന്നെ ബോധ്യപ്പെടുത്തിയത്. വിഭജനത്തിന്റെ മുറിവുകളിൽ നിന്നാണ് ഘട്ടക്ക് തന്റെ സിനിമകളെ കണ്ടെത്തിയത്.
സ്വന്തം വീടും സ്ഥലങ്ങളും ഒക്കെ ഉപേക്ഷിച്ച് കൊൽക്കത്തയിലെ നിരാലംബതയിലേക്ക് എറിയപ്പെട്ട ആയിരക്കണക്കിന് മനുഷ്യരെപ്പോലെ ഘട്ടക്കും കുടുംബവും അലഞ്ഞതിന്റെ ദൃശ്യങ്ങൾ സിനിമയിലെന്നോണം എനിക്ക് കാണാമായിരുന്നു. ഘട്ടക്കിന്റെ പല സിനിമകളിലും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന നദിക്കരയിൽ മുറിഞ്ഞുപോകുന്ന റെയിൽപ്പാളങ്ങളുടെയും പത്മാ നദിയുടെയും അർഥം ബംഗ്ലാദേശിലൂടെ നടക്കുമ്പോൾ കൂടുതലായി അനുഭവപ്പെട്ടു. മുറിച്ചു മാറ്റപ്പെട്ട മനുഷ്യരുടെ സങ്കടങ്ങൾ പത്മാനദിയിലെ തോണിക്കാരുടെ പാട്ടുകളിൽ രാത്രിയുടെ ഏകാന്തതയിൽ പിടഞ്ഞുണരുന്നത് ആ ദിവസങ്ങളിൽ പത്മാ നദിക്കരയിലിരുന്ന് ഞാനറിഞ്ഞിട്ടുണ്ട്. സിനിമയ്ക്കൊപ്പം നടന്നില്ലായിരുന്നെങ്കിൽ ഈ അനുഭവങ്ങൾ എനിക്കുണ്ടാകുമായിരുന്നില്ല.
ശ്രീലങ്കയിലെ ബുദ്ധക്ഷേത്രങ്ങളിലൂടെയും ജാഫ്നയിലെ വേലുപ്പിള്ള പ്രഭാകരന്റെ പോരാട്ട ഭൂമികളിലൂടെയും സഞ്ചരിക്കാൻ സിനിമ തന്നെയാണെന്നെ വിളിച്ചു കൊണ്ടുപോയത്. പ്രശസ്തമായ ജാഫ്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ 2019 ലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിക്കാനും ജൂറിയായി പ്രവർത്തിക്കാനും വേണ്ടി ക്ഷണിച്ചപ്പോഴാണ് ആ അനുഭവങ്ങളുണ്ടായത്.
കൊളംബോയിലും ജാഫ്നയിലും കാണ്ടിയിലും സഞ്ചരിക്കുമ്പോൾ ചരിത്രത്തിൽനിന്നും ഇതിഹാസങ്ങളിൽനിന്നും കഥകളിൽനിന്നും ഇറങ്ങിവന്ന കഥാപാത്രങ്ങളും ചരിത്ര പുരുഷന്മാരും സാധാരണ മനുഷ്യരും എന്നോട് പറഞ്ഞ രഹസ്യങ്ങൾ സിനിമയുടെ സഞ്ചാരങ്ങൾ നൽകിയ അറിവുകളായി. വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിൽ സിവിൽ വാർ രൂക്ഷമായ ഒരു ഘട്ടത്തിൽ പ്രഭാകരന്റെയും തമിഴ് പുലി പോരാളി സംഘത്തിന്റെയും താൽക്കാലിക കോട്ടയായി തീർന്ന ജാഫ്ന യൂണിവേഴ്സിറ്റിയിൽ ഞാൻ പോയിരുന്നു.
അവിടെയും ചലച്ചിത്ര പ്രദർശനവും സംവാദങ്ങളുമുണ്ടായിരുന്നു. സിനിമ എന്നെ എങ്ങോട്ടൊക്കെയാണ് വിളിച്ചു കൊണ്ടുപോകുന്നതെന്ന് ഞാനെല്ലാ യാത്രകളിലും അത്ഭുതപ്പെടും. ജാഫ്നയിലെ തെരുവുകളിലും മാർക്കറ്റുകളിലുമൊക്കെ കണ്ടു മുട്ടിയ ഓരോ തമിഴന്റെയും ഉള്ളിൽ ഒരു പുലി മുരളുന്നത് കേൾക്കാമായിരുന്നു.
ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലുണ്ടായിരുന്ന രണ്ടുമൂന്നു സിനിമകൾ ശ്രീലങ്കയുടെ സമീപകാല ഭൂതകാലത്തിന്റെ നിലവിളിക്കുന്ന ഓർമകൾ കത്തിക്കൊണ്ടിരുന്ന അനുഭവസാക്ഷ്യങ്ങളായിരുന്നു. തമിഴ് വംശത്തിന്റെയും ദേശത്തിന്റെയും പോരാട്ടങ്ങളെ ബോംബുകൾകൊണ്ടും റോക്കറ്റുകൾകൊണ്ടും ബലാൽസംഗം കൊണ്ടും മായിച്ചു കളയാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ സിനിമയിലൂടെ വീണ്ടും നമ്മുടെ മനസ്സിനെ പൊള്ളിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു. ശവങ്ങൾ കരിഞ്ഞ, നിസ്സഹായതയുടെ നിലവിളികൾ പെയ്തു നിറഞ്ഞ ആ മണ്ണിൽ വെച്ചുതന്നെ ആ സിനിമകൾ കാണുമ്പോൾ അത് മറ്റൊരനുഭവമാകും.
2019 സെപ്തംബറിലാണ് ഇറാഖിലെ കുർദിസ്ഥാനിലേയ്ക്കുള്ള ജൂറിയായി ക്ഷണിക്കപ്പെട്ടത്. ഈ സ്ഥലത്തേക്കുള്ള യാത്ര വേണ്ടെന്ന് വെയ്ക്കുകയാണ് ഉചിതമെന്ന് പല സുഹൃത്തുക്കളും ഉപദേശിച്ചു. നമ്മുടെ ഇമിഗ്രേഷൻ വകുപ്പിലെ ചില ഉദ്യോഗസ്ഥ സുഹൃത്തുക്കളും പോകാതിരിക്കുന്നതാണ് നല്ലതെന്ന് എന്നോട് പറഞ്ഞു. കാരണം എന്റെ പാസ്പോർട്ടിലും കമ്പ്യൂട്ടർ രേഖകളിലും ഞാൻ കുർദിസ്ഥാനിൽ പോയതിന്റെ സീലുണ്ടാവും. അത് ഭാവിയിൽ മറ്റു രാജ്യങ്ങളിലേയ്ക്കുള്ള യാത്രകളെ ഒരുപക്ഷേ പ്രതികൂലമായി ബാധിക്കും.
ഇവിടെ തന്നെ കേന്ദ്ര സർക്കാരിന്റെ ഒരു കണ്ണ് എന്നിൽ പതിയുന്നതും ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കും. വരുന്നതു വരട്ടെ, അപ്പോൾ കാണാമെന്ന് ഞാൻ കരുതി. പക്ഷേ ഒന്നും സംഭവിച്ചില്ല. മറിച്ച് ഏറ്റവും ആഹ്ലാദകരമായ ഒരു യാത്ര ആയിരുന്നു അത്. അവരുടെ സർക്കാർ അതിഥിയായി വലിയ വി ഐ പി പരിഗണനയോടെയാണ് എയർപോർട്ടിൽ സ്വീകരിക്കപ്പെട്ടത്. ഫ്ലൈറ്റിൽ നിന്നിറങ്ങുമ്പോഴേ സർക്കാരിന്റെ ആഡംബര കാർ വിമാനത്തിനടുത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
എല്ലാ കാര്യങ്ങളും ഉദ്യോഗസ്ഥർ തന്നെ ചെയ്തുതന്നു. ഞങ്ങളെ എയർപോർട്ടിലെ സ്വീകരണ മുറിയിലിരുത്തി സൽക്കരിച്ചു. ആ സമയംകൊണ്ട് അവർ മറ്റെല്ലാ രേഖകളും തയ്യാറാക്കി പെട്ടിയും എടുത്ത് വന്നു. ഇത്രയും വലിയ ആതിഥ്യ മര്യാദ ഞാനൊരു രാജ്യത്തും അനുഭവിച്ചിട്ടില്ല. കുർദിസ്ഥാന്റെ തലസ്ഥാനമായ സുലൈമാനിയ നഗരത്തിലായിരുന്നു കുർദിസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ. 79 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ. ഇന്ത്യയിൽ നിന്ന് ഒരേ ഒരാൾ. അത് ഞാനായതിൽ സന്തോഷം.
ഇറാഖിന്റെ ഫെഡറൽ സംവിധാനത്തിനകത്ത് തന്നെ 2005 മുതൽ ഏറെക്കുറേ സ്വയം ഭരണാധികാരമുള്ള സ്റ്റേറ്റായി ഇറാഖ് കുർദിസ്ഥാൻ നിലനിൽക്കുന്നുണ്ട്. ഇറാഖ്, ഇറാൻ, ടർക്കി, സിറിയ തുടങ്ങിയ രാജ്യാതിർത്തികളെ തൊട്ടുകൊണ്ട് കുർദ് വംശജരുടെ പഴയ കുർദ് രാജ്യം വിഭജിക്കപ്പെട്ട് കിടക്കുകയാണ്.
സിസ്സ്റ്റേഴ്സ് ഇൻ ആംസ്
കുർദുകൾ തീവ്രവാദികളും ഐ എസ് കാരുമാണെന്ന് എങ്ങനെയോ ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തുർക്കി, ഇറാൻ, ഇറാഖ്, സിറിയ തുടങ്ങിയ ദേശീയതകളുടെയും വംശീയതകളുടെയും ഇരകളായിരുന്നു എക്കാലത്തും കുർദുകൾ. അവരുടെ ചില ചെറുത്തു നിൽപ്പുകളെ തീവ്രവാദമായി ചിത്രീകരിച്ചിട്ടുണ്ട്.
അവർ എപ്പോഴും ഇസ്ലാം തീവ്രവാദികൾക്കും താലിബാനികൾക്കും ഐ എസിനും എതിരായിരുന്നു. ഈ ഫിലിം ഫെസ്റ്റിവലിൽ വളരെ പ്രാധാന്യത്തോടെ പ്രത്യേക പ്രദർശനങ്ങൾ നടത്തിയിരുന്ന Sisters in Arms എന്ന സിനിമ സിറിയയിലെ ഐ എസ് തീവ്രവാദികൾക്കെതിരെ ആയുധമെടുത്ത് പൊരുതുന്ന സ്ത്രീകളുടെ സംഘത്തെക്കുറിച്ചുള്ളതാണ്. സിറിയയിലെ ഐ എസ് തീവ്രവാദ സംഘത്തിനെതിരെ പൊരുതുന്ന കുർദ് സംഘത്തിനൊപ്പം ചേർന്നുകൊണ്ടാണ് പലയിടങ്ങളിലുംനിന്ന് വന്നു ചേർന്ന സ്ത്രീകളുടെ ഈ സായുധ സംഘം പൊരുതുന്നത്.ഫെസ്റ്റിവലിൽ പരിചയപ്പെട്ട കുർദു സുഹൃത്തുക്കളിൽ നിന്ന് ഇതുപോലുള്ള ധാരാളം പുതിയ വിവരങ്ങൾ കിട്ടി.
കുർദിസ്ഥാനിൽ പണ്ട് ശക്തമായ കമ്യൂണിസ്റ്റ് പാർടിയുണ്ടായിരുന്നു. സദ്ദാം ഹുസ്സയിനാണ് അതിനെ തകർത്തതെന്ന് കുർദുകൾ പറഞ്ഞു. പക്ഷേ ഇപ്പോഴും കമ്യൂണിസ്റ്റ് പാർടി അവിടെ പ്രവർത്തിക്കുന്നുണ്ട്.
കുർദിസ്ഥാനിൽ പണ്ട് ശക്തമായ കമ്യൂണിസ്റ്റ് പാർടിയുണ്ടായിരുന്നു. സദ്ദാം ഹുസ്സയിനാണ് അതിനെ തകർത്തതെന്ന് കുർദുകൾ പറഞ്ഞു. പക്ഷേ ഇപ്പോഴും കമ്യൂണിസ്റ്റ് പാർടി അവിടെ പ്രവർത്തിക്കുന്നുണ്ട്. ഫിലിം ഫെസ്റ്റിവലിന്റെ വോളന്റിയർ ഗ്രൂപ്പിലുണ്ടായിരുന്നവരിൽ ചിലർ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരായിരുന്നു.
അതിൽ അതിഥികളായ ഞങ്ങളെ സ്വീകരിക്കാനും ഞങ്ങളുടെ സൗകര്യങ്ങളൊക്കെ അന്വേഷിക്കാനും ചുമതലമുള്ള ഒരു സ്ത്രീ കമ്യൂണിസ്റ്റ് പാർടി അംഗമാണ്. ചെനാർ എന്നാണ് പേര്. ചെനാർ എന്നാൽ പൂവ് എന്നർഥം. അവരുടെ വീട്ടിലെ എല്ലാവരും കമ്യൂണിസ്റ്റുകാരാണ്. മറ്റൊരാൾ ഫറൂഖ് മുസ്തഫ. കുർദിസ്ഥാൻകാരനാണ്. 72 വയസ്സ്. ഫെസ്റ്റിവൽ ഉദ്ഘാടനവേദിയിൽ ഇദ്ദേഹത്തെ ആദരിച്ചപ്പോൾ ഞാൻ കരുതി ഇതെന്ത് കഥയെന്ന്! ഒരു ഇമാമിന്റെ മകനായി ജനിച്ച ഇദ്ദേഹം പഠനത്തിനു ശേഷം 4 വർഷം ബാങ്കിൽ ജോലി ചെയ്തു.
പിന്നീട് കുർദുകളുടെ ഗറില്ലാ സംഘത്തിൽ ചേർന്നു. സദ്ദാം ഹുസ്സയിന്റെ കുർദ് പീഡനങ്ങൾക്കെതിരെ പൊരുതി. പിന്നീട് കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്ന് പ്രവർത്തിച്ചു. വർഷങ്ങൾക്കുശേഷം 1975ൽ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് സൂഹൃത്തുമൊത്ത് ചെറിയ ബിസിനസ്സ് തുടങ്ങി. ഇന്ന് ഇറാഖിലെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത കുർദുകാരനാണ്. സദ്ദാമിന്റെ കാലത്ത് പലരും നാടുവിട്ട് വിദേശത്ത് അഭയം പ്രാപിച്ചെങ്കിലും ഫറൂഖ് മുസ്തഫ കുർദിസ്ഥാനിൽതന്നെ നിന്ന് പൊരുതി. സദ്ദാമുമായി ഇടഞ്ഞു തന്നെ നിന്നു.
കുർദ് പോരാട്ടത്തെ പിന്തുണച്ചു. സർക്കാരിന്റെ അഴിമതിക്കെതിരെ പൊരുതി വ്യവസായം വളർത്തി. വളഞ്ഞ വഴികൾ സ്വീകരിക്കാതിരുന്നതുകൊണ്ട് സ്വന്തം വ്യവസായ സ്ഥാപനങ്ങളെ നിയമപരമായി തന്നെ സംരക്ഷിച്ചു. കുർദിസ്ഥാനിൽ പൊതുവേയും സുലൈമാനിയിൽ പ്രത്യേകിച്ചും വ്യവസായ നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യ വികസന നിക്ഷേപങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ആശുപത്രി ശൃംഖലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലാഭരഹിതമായി സാധാരണ ജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ വികസിപ്പിച്ചു.
തന്റെ കാലശേഷവും ഇങ്ങനെ തുടരണമെന്ന് ഒസ്യത്ത് എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസംഗമധ്യേ പറഞ്ഞു. ജനങ്ങൾ അദ്ദേഹത്തെ നീണ്ട കൈയടികൾ കൊണ്ടാണ് സ്വീകരിച്ചത്. സർക്കാരിനൊപ്പം ഇദ്ദേഹത്തിന്റെ കമ്പനികളും ഫെസ്റ്റിവലിനെ സഹായിക്കുന്നുണ്ട്. ഇവിടെ പരിചയപ്പെട്ട കമ്യൂണിസ്റ്റുകാരിൽ ചിലരോട് ഇദ്ദേഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറയുന്നത് ഇപ്പോഴും കമ്യൂണിസ്റ്റുകാരുമായി അദ്ദേഹം സൗഹൃദവും അടുപ്പവും സൂക്ഷിക്കുന്നുണ്ടെന്നാണ്.
Sisters in Arms എന്ന സിനിമയും കുർദിസ്ഥാൻ ഫിലിം ഫെസ്റ്റിവലുമാണ് എന്നെ കുർദുകളെക്കുറിച്ച് കൂടുതലറിയാൻ സഹായിച്ചത്. പലതരത്തിലും മറച്ചുവെയ്ക്കപ്പെട്ട യാഥാർഥ്യങ്ങൾ ഈ യാത്രയിലൂടെ എന്റെ പല ധാരണകളെയും തിരുത്തി. കുർദിസ്ഥാൻ യാത്രക്കു ശേഷം എനിക്ക് സദ്ദാം ഹുസ്സയിനോടുണ്ടായിരുന്ന ആദരവ് വളരെയേറെ കുറഞ്ഞു. സിനിമകൾ അങ്ങനെ നിരന്തരം എന്നെ പുതുക്കിപ്പണിതുകൊണ്ടിരുന്നു.
സിനിമയെന്ന യാത്ര
സിനിമയും ഒരു യാത്രയാണ്. അല്ല, നിരവധി യാത്രകളാണ്. എണ്ണമറ്റ സിനിമകൾ എന്നെ കൊണ്ടുപോയ യാത്രകളിലൂടെ എന്റെ ഉള്ളിലെ ഞാൻ പലവട്ടം മരിക്കുകയും പുതിയ ഞാനായി ജനിക്കുകയും ചെയ്തിട്ടുണ്ട്. ഒരു നല്ല സിനിമയിലൂടെയുള്ള സഞ്ചാരം കഴിയുമ്പോൾ ജീവിതത്തിന്റെ നിറങ്ങൾ മാറും. ചുറ്റിലുമുള്ള പച്ച കൂടുതൽ പച്ചയാകും. പൂക്കളുടെ നിറങ്ങൾ കൂടുതൽ മനോഹരമാകും. ആകാശം കൂടുതൽ വിസ്തൃതമാകും. നക്ഷത്രങ്ങൾ കൂടുതൽ തിളക്കമുള്ളതാകും. പലതും അതിജീവനത്തിന്റെ മാജിക്കുമായി നമ്മളെ ആവേശിക്കും.
അങ്ങനെ നൂറുകണക്കിനു സിനിമകൾ നമുക്ക് പുതിയ ലോകത്തെ കാണിച്ചുതരും. സെർഗി ഐസൻസ്റ്റീൻ, ആന്ദ്രേ തർക്കോവ്സ്കി, ലൂയി ബുനുവൽ, ഗൊദാർദ്, ഡിസിക്കാ, ചാപ്ലിൻ, അകിര കുറസോവ, ഫെല്ലിനി,
ഫെല്ലിനി
ബെർഗ്മാൻ, സത്യജിത് റായി, ഘട്ടക്, മൃണാൾ സെൻ, മാർത്ത മെസോറസ്, ലാർസ് വോൺ ടെയർ, കിം കി ഡുക് , അഗ്നീസ്ക ഹോളണ്ട്, പസോളിനി, കിസ്ലോവ്സ്കി, കെൻലോച്ച്, യാസുജിറോ ഓസു, റോബർട്ട് ബ്രെസൺ, സ്പിൽബെർഗ്, ജെയിൻ കാംപിയൻ, പെദ്രോ അൽമദോവാർ തുടങ്ങി എത്രയോ ചലച്ചിത്രകാരന്മാരുടെ ലോകത്തിലേക്ക് സിനിമയെ പ്രണയിക്കുന്ന വർ വീണ്ടും വീണ്ടും യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു.
ആത്മജ്ഞാനത്തെ ഉണർത്തുന്ന അനുഭവങ്ങളുടെ യാത്രപോലെ നമ്മളെ ചുറ്റിവരിയുന്ന സിനിമകളിലൊന്നാണ് ” Spring, Summer,Fall, Winter and Spring ’ എന്ന സിനിമ. ഈ ഒറ്റ സിനിമ മതി കിം കി ഡുകിന്റെ ചലച്ചിത്ര യാത്രകളെ അനശ്വരമാക്കാൻ. പ്രകൃതിയുടെ ജൈവചക്രങ്ങളിലൂടെയും അതിന്റെ താളക്രമങ്ങളിലൂടെയും കടന്നുപോകുന്ന മനുഷ്യർ, പ്രകൃതിയുമായുള്ള അഗാധ സ്പർശത്തിലൂടെയും സംഘർഷങ്ങളിലൂടെയും സ്വയം ശുദ്ധീകരിക്കപ്പെട്ട അസ്തിത്വത്തിലേയ്ക്കും ആത്മബോധത്തിലേക്കും വികസിക്കുന്നതെങ്ങനെയെന്ന് വ്യാഖ്യാനിക്കുന്ന സിനിമയാണിത്.
നിശ്ശബ്ദതയിലും ശൂന്യതയിലും വീണുപോകുന്ന ആത്മാക്കളുടെ ശവക്കുഴികൾക്കു മേൽ സങ്കടങ്ങളുടെ മഴത്തുള്ളികളായി പെയ്യുന്ന സിനിമയാണ് ഫെല്ലിനിയുടെ ലാസ്ട്രാഡ ( Lastrada). ഈ സിനിമയും പലതരത്തിലുള്ള
കിം കി ഡുക്ക്
യാത്രകളാണ്. ആധുനിക കൊലമരത്തിന്റെ ഇരുട്ടറകളിലൂടെ മരണത്തിന്റെ തമോഗർത്തത്തിലേക്ക് സംഗീതത്തിന്റെ നിലയ്ക്കാത്ത താളത്തിന് കാതോർത്ത് ഒരോർമ പോലെ അപ്രത്യക്ഷയായ സ്ത്രീയെക്കുറിച്ചുള്ള സിനിമയാണ് Lars Van Trier ന്റെ ‘” Dancer In The Dark’.
നോവിന്റെയേകാന്തതയിലൊരു തീക്കാറ്റുപോലെ ഈ അമ്മയുടെ മരണം നമ്മളെ പൊള്ളിച്ചുകൊണ്ട് ഈ സിനിമയിലൂടെ യാത്ര ചെയ്യും. ആ യാത്രയിൽ പങ്ക് ചേരുന്ന നമ്മൾ സ്വയം നവീകരിക്കപ്പെടും. ചാർളി ചാപ്ളിന്റെ സിനിമകളും ഒരുതരം ആന്തരികയാത്രകളാണ്. വെറും കോമാളിയുടെ വേഷം കെട്ടലുകളിൽനിന്ന് ചാപ്ലിൻ ഉയർന്നു നിൽക്കുന്നത്, തന്റെ ചലച്ചിത്ര ദർശനങ്ങൾ ലോകത്തിനുവേണ്ടിയുള്ള സുവിശേഷങ്ങളാകുന്നതു കൊണ്ടു കൂടിയാണ്. പീഡിതരുടെയും അവഗണിക്കപ്പെടുന്നവരുടെയും ഒന്നുമില്ലാത്ത സാധാരണ മനുഷ്യരുടെയും ധാർമികതയിൽ നിന്ന് രൂപംകൊള്ളുന്ന ലോക വഴികളാണ് ചാപ്ലിൻ സിനിമകൾ.
ചാപ്ലിൻ
ചാപ്ലിന്റെ തന്നെ ഗോൾഡ് റഷായാലും ദി ഗ്രേറ്റ് ഡിക്റ്റേറ്റർ ആയാലും മോഡേൺ ടൈംസ് ആയാലും മനുഷ്യകുലത്തിന്റെ നന്മ വീണ്ടെടുക്കാനുള്ള യാത്രകളാണ്. ആ സിനിമകളിലൂടെ നമ്മൾ ചരിത്ര സഞ്ചാരികളാകും. ണമഹസ മയീൗേ എന്ന ഒരു ഓസ്ട്രേലിയൻ സിനിമ ഒരു യാത്ര തന്നെയാണ്.
പ്രകൃതിയുടെ വിസ്മയങ്ങളിൽ വിരിയുകയും നാഗരികതയുടെ അസ്വസ്ഥതകളിൽ ചിതറുകയും ചെയ്യുന്ന ജീവിതയാത്ര. നമുക്കജ്ഞാതമായിത്തീർന്ന പ്രകൃതിയുടെ ഉന്മാദം കലർന്ന സമയഭേദങ്ങളുടെ പിരിയൻ കോണി കയറുന്ന അനുഭവം നൽകുന്നുണ്ടിത്. നഗരത്തിൽനിന്ന് രക്ഷപ്പെട്ട രണ്ട് കുട്ടികളുടെ യാത്രയാണിത്.
നമ്മൾ മറന്നു പോയ പ്രകൃതിയുടെ ചിരിയും ഇളകിയാട്ടങ്ങളും നിശ്ശബ്ദതയും ഉന്മാദ സദൃശമായ അനുഭവങ്ങളായി ഈ യാത്രയിൽ നിറയും. ആദിവാസി സമൂഹത്തിന്റെ സംസ്കാരം നാഗരികതയുമായി സംവദിക്കാനാവാതെ തോറ്റു പിൻമടങ്ങുന്നതിന്റെ വേദനയും ഈ യാത്രകളിൽ അനുഭവിക്കാം.
ലോക സിനിമയിലെ ഏറ്റവും മികച്ച പത്തോ ഇരുപതോ സിനിമകളുടെ പട്ടികയിൽ പെടുത്തി ഞാനേറെ ഇഷ്ടപ്പെടുന്ന ‘ സെവൻ സമുരായിസ് ’ആന്തരികവും ബാഹ്യവുമായ പലതരം യാത്രകളും അന്വേഷണങ്ങളുംകൊണ്ട് നെയ്തെടുത്ത സിനിമയാണ്. ലോകസിനിമയിലെ മാസ്റ്റർമാരിലൊരാളായ അകിര കുറസോവയുടെ സിനിമയാണത്. മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും ആത്മത്യാഗത്തിന്റെയും സംഘബോധത്തിന്റെയും പോരാട്ടങ്ങളുടെയും കൊടിയുയർത്തിപ്പിടിച്ച് സഞ്ചരിക്കുന്ന ഒരു എപിക് സിനിമ.
ആകാശത്തിന്റെ അതിരുകളിൽ പിടഞ്ഞകലുന്ന കരച്ചിൽ പോലെയുള്ള ഒരു സിനിമയെ ഓർമിക്കാതിരിക്കാനാവില്ല. ‘ഗെറ്റിങ്ങ് ഹോം’
എന്ന ചൈനീസ് സിനിമയാണത്. മരിച്ച സുഹൃത്തിന്റെ ശവശരീരം വളരെ വിദൂരവും എത്തിപ്പെടാൻ ദുഷ്കരവുമായ അയാളുടെ ഗ്രാമത്തിലെത്തിക്കാനുള്ള ഒരാളുടെ അസാധാരണവും അവിശ്വസനീയവുമായ യാത്രാനുഭവങ്ങളുടെ ഒരു സിനിമ. ആ യാത്രകളിൽ നമ്മൾ നമ്മളറിയാത്ത മനുഷ്യരെയും അവരുടെ സങ്കടങ്ങളെയും ചൈനയുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും കണ്ടെടുക്കും. അത് നമ്മുടെ ചിന്തകളുടെ ആകാശത്തെ വിസ്തൃതമാക്കും.
ബ്രസീലിയൻ പട്ടാള ഏകാധിപതി ഗെറ്റുമിയോ വാർഗാസ്, ഹിറ്റ്ലർക്ക് സമ്മാനമായി നാസി തടവറയിലേക്ക് കൈമാറിയ കമ്യൂണിസ്റ്റ് വിപ്ലവകാരി ഓൾഗ പ്രെസ്റ്റസ് അല്ലെങ്കിൽ ഓൾഗ ബെനാരിയോ ചരിത്രത്തിന്റെ ആവേശകരമായ ഏടുകളിൽനിന്ന് സഞ്ചരിച്ചുകൊണ്ട് ‘ഓൾഗ’ എന്ന സിനിമയായി നമ്മളെ തൊടുമ്പോൾ ജർമനിയിലെ മ്യൂനിച്ചിൽ നിന്ന് റഷ്യയിലേക്കും ബ്രസീലിലേക്കും ഓൾഗയ്ക്കൊപ്പം നമ്മളും യാത്ര ചെയ്യുന്നു.
ജർമനിയിലെ ഒരു കോടതിമുറിയിലെ കമ്യൂണിസ്റ്റ് പ്രൊഫസർ ക്കെതിരെയുള്ള വിചാരണക്കിടെ പതിനേഴ് വയസ്സുകാരിയായ ഓൾഗയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് യൂത്ത് ലീഗ് പ്രവർത്തകർ കോടതിയിൽനിന്ന് അദ്ദേഹത്തെ മോചിപ്പിച്ച് റഷ്യയിലേക്ക് യാത്രചെയ്യുന്നു.അവിടെനിന്ന് പാർടിയുടെ നിർദ്ദേശാനുസരണം ഒളിവിൽ കഴിഞ്ഞിരുന്ന ബ്രസീലിയൻ കമ്യൂണിസ്റ്റ് പാർടി നേതാവിനെ ബ്രസീലിലെ വിപ്ലവം നയിക്കാനായി അനുഗമിക്കുന്നു. വിപ്ലവകരവും ആവേശകരവും എന്നാൽ സഹനങ്ങളുടെ സങ്കടങ്ങൾ നിറഞ്ഞതുമായ കമ്യൂണിസ്റ്റ് യാത്രയാണിത്.
മഴച്ചാറലുകളിൽനിന്നും മഞ്ഞ് വീഴ്ചകളിൽ നിന്നുമാണ് ഭൂതകാലം അതിന്റെ യാത്രകൾ നടത്തുന്നത്. ഓൾഗയുടെ ഓർമകളെല്ലാം മഴയിലും കനത്ത മഞ്ഞിലുമാണ് സഞ്ചരിക്കുന്നത്. ചരിത്രത്തിലേക്കുള്ള ഒരു സ്ഫടിക ജാലകംപോലെയാണത്. മഞ്ഞു പെയ്യുന്ന രാത്രിയിൽ വീടിനു പുറത്തെ ഇരുട്ടിൽ കത്തുന്ന അഗ്നികുണ്ഡത്തെ ചാടിക്കടക്കുന്ന പെൺകുട്ടിയിൽ ആരംഭിക്കുന്ന സിനിമയുടെ ദ്യശ്യം കട്ട് ചെയ്യുന്നത് മഞ്ഞ് പെയ്യുന്ന മറ്റൊരു രാത്രിയിലേക്കാണ്. ഓൾഗയെ ഗ്യാസ് ചേംബറിലേക്കയക്കുന്ന വാനിലുള്ളിലിരുന്ന് ഓർമകളിലേക്ക് സഞ്ചരിക്കുന്ന രാത്രിയാണത്. ഓർമയുടെ യാത്രകൾ. യാത്രയുടെ ഓർമകൾ.
ഇങ്ങനെ ഇനിയും നൂറുകണക്കിന് സിനിമകൾ എന്റെ യാത്രകളായിട്ടുണ്ട്. എത്രയോ അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് സിനിമ എന്നെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. യാത്രയും സിനിമയും ഞാനും അത്രമേൽ പ്രണയത്തിലാണ്. സിനിമയുടെ സ്നേഹ സഞ്ചാരങ്ങൾ എന്നിൽ എപ്പോഴും വളർന്നുകൊണ്ടേയിരിക്കും….