ബീജിങ്
ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ക്ഷണപ്പത്രികകളിൽനിന്ന് ‘ഇന്ത്യ’യെ ഒഴിവാക്കി ‘ഭാരത്’എന്നാക്കിയ മോദിസര്ക്കാര് നടപടിയിൽ പ്രതികരിച്ച് ചൈനയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ്. പേര് മാറ്റുന്നതിലല്ല, സമ്പദ്വ്യവസ്ഥ ശാക്തീകരിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിൽ പറഞ്ഞു.
‘ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ, അടുത്തിടെ നടപ്പാക്കിയ പല നയങ്ങളും പാളിയതായി കാണാം. സമൂലമായ അഴിച്ചുപണിയിലൂടെ മാത്രമേ ഇന്ത്യക്ക് സമ്പദ്വ്യവസ്ഥയെ നവീകരിക്കാനാകൂ. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ സാമ്പത്തികക്കുതിപ്പിന് ഇത് അത്യന്താപേക്ഷിതവുമാണ്. ചൈനീസ് കമ്പനികൾക്കുമേൽ അടുത്തിടെ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളും വിലക്കുകളും ഇന്ത്യയിൽ വർധിച്ചുവരുന്ന തീവ്രദേശീയതയുടെ തെളിവാണ്. ഇത് നിക്ഷേപകരുടെ വിശ്വാസം ഇല്ലാതാക്കും.
ഇന്ത്യയെ എന്തുപേര് ചൊല്ലിയും വിളിക്കാൻ ഇന്ത്യക്കാർക്ക് അവകാശമുണ്ട്. എന്നാൽ, ജി 20 അധ്യക്ഷപദവിയി
ൽ
സാമ്പത്തികവ്യവസ്ഥയെ ശാക്തീകരിക്കാനും വിദേശരാജ്യങ്ങളുടെയും നിക്ഷേപകരുടെയും വിശ്വാസം ആർജിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. അന്താരാഷ്ട്രതലത്തിൽ സാന്നിധ്യം ശക്തമാക്കാൻ ശ്രമിക്കണം. രാജ്യത്തിന്റെ പേരുമാറ്റുന്നതിനേക്കാൾ പ്രധാനം ഇതാണ്–- ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടി.