ന്യൂഡൽഹി
ദ്വിദിന ജി–-20 ഉച്ചകോടിയുടെ സമാപന ദിവസമായ ഞായറാഴ്ച രാഷ്ട്രത്തലവന്മാരുടെ സംയുക്ത പ്രസ്താവന ഇറക്കാൻ ഇന്ത്യ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ കടകവിരുദ്ധ നിലപാടുമായി അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്. പ്രഖ്യാപിത അജൻഡയിൽനിന്ന് വ്യതിചലിച്ച് ഉക്രയ്ൻ സംഘർഷം പ്രധാന ചർച്ചയാക്കി റഷ്യയെ ഉന്നമിടുമെന്ന് സൂചനയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നൽകുന്നത്.
ഉക്രയ്ൻതന്നെയാകും പ്രധാനവിഷയമായി വരികയെന്നും സംയുക്ത പ്രസ്താവനയിൽ യോജിപ്പായിട്ടില്ലന്നും പറഞ്ഞ സുനക്, ഉദ്യോഗസ്ഥതലത്തിൽ നടത്തിയ ചർച്ച വെല്ലുവിളിയായിരുന്നെന്നും പറഞ്ഞു. ഉക്രയ്ൻ സംഘർഷത്തെ അപലപിക്കാൻ ചൈന തയ്യാറാകണമെന്നും സുനക് ആവർത്തിച്ചു.
അമേരിക്കയും റഷ്യക്കെതിരെ നിലപാടെടുക്കും. ജി20 അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ ഉച്ചകോടിയിലേക്ക് ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമർ സെലൻസ്കിയെ ക്ഷണിക്കാത്തതില് അമേരിക്ക നീരസം പ്രകടിപ്പിച്ചിട്ടുണ്ട്.
ഉക്രയ്ൻ പ്രശ്നത്തിൽ ഉച്ചകോടി മുങ്ങിപ്പോകില്ലെന്നും പകരം ‘ഗ്ലോബൽ സൗത്തി’ന്റെ പ്രശ്നങ്ങളാകും അജൻഡയാകുകയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് നിലപാട് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഉക്രയ്നെ ഉച്ചകോടിയിലേക്ക് ക്ഷണിക്കാതിരുന്നത്. കഴിഞ്ഞ വർഷം ബാലിയിൽ ചേര്ന്ന ഉച്ചകോടിയിൽ സെലൻസ്കി പ്രത്യേകക്ഷണിതാവായി പങ്കെടുത്തിരുന്നു.
സംയുക്ത പ്രസ്താവനയ്ക്കുള്ള സാധ്യത വിരളമായതിൽ ചൈനയെയും റഷ്യയെയും പഴിക്കുകയാണ് യൂറോപ്യൻ യൂണിയനും. മാർച്ചിൽ ചേർന്ന ജി–- 20 വിദേശമന്ത്രിമാരുടെ യോഗം ഉക്രയ്ൻ പ്രശ്നത്തിൽ അലസിപ്പിരിയുകയായിരുന്നു.