ന്യൂഡൽഹി
ത്രിപുരയിലെ ബോക്സാനഗർ, ധാൻപുർ സീറ്റുകളിൽ ബിജെപിയുടെ ഏകപക്ഷീയ വിജയം ജനാധിപത്യത്തെ കശാപ്പ് ചെയ്തുകൊണ്ട്. വോട്ടെടുപ്പ് ദിവസം പൊലീസിന്റെയും ഭരണസംവിധാനങ്ങളുടെയും സഹായത്തോടെ ഇരുമണ്ഡലത്തിലും ബൂത്തുകൾ പൂർണമായും ബിജെപിയുടെ ഗുണ്ടാപ്രവർത്തകർ പിടിച്ചടക്കി. സംസ്ഥാനമന്ത്രി ബികാഷ് ദേബ്വർമയുടെയും ബിജെപി എംഎൽഎ രാംപെദ ജമാതിയയുടെയും നേതൃത്വത്തിലായിരുന്നു ബൂത്തുകൾ പിടിച്ചെടുക്കൽ. പുറത്തുനിന്ന് ആയുധങ്ങളുമായി എത്തിയ നൂറുക്കണക്കിനു ബിജെപിക്കാർ വോട്ടെടുപ്പ് ദിവസം രാവിലെമുതൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
അറുപത്താറ് ശതമാനം ന്യൂനപക്ഷ വോട്ടുകളുള്ള ബോക്സാനഗറിൽ 16 ബൂത്തിൽ മാത്രമാണ് സിപിഐ എം ഏജന്റുമാർക്ക് പ്രവേശിക്കാനായത്. ധാൻപുരിൽ 19 ബൂത്തിൽ സിപിഐ എം ഏജന്റുമാർക്ക് കയറാനായി. ബൂത്തുകളിലേക്ക് കയറാൻ കഴിഞ്ഞ സിപിഐ എം ഏജന്റുമാരെയും വൈകാതെതന്നെ പുറത്തുനിന്ന് എത്തിയ സായുധരായ ബിജെപിക്കാർ ഭീഷണിപ്പെടുത്തി പുറത്താക്കി.
ഇരുമണ്ഡലത്തിലും വോട്ടർമാരോടും ഇതേ സമീപനമാണ് ബിജെപിക്കാർ കാട്ടിയത്. ബിജെപിക്ക് വോട്ടുചെയ്യാമെന്ന് ഉറപ്പുനൽകിയവർക്ക് മാത്രമാണ് ബൂത്തുകളിലേക്ക് പ്രവേശനം അനുവദിച്ചത്. ബിജെപിക്കുതന്നെ വോട്ട് ചെയ്യുന്നുവെന്ന് ഇവർ ഉറപ്പുവരുത്തുകയും ചെയ്തു. പലയിടങ്ങളിലും ഇടതുപക്ഷ അനുഭാവികളെ വീടുകളിൽനിന്ന് പുറത്തിറങ്ങാൻപോലും അനുവദിച്ചില്ല. പോളിങ് ഉദ്യോഗസ്ഥരും അട്ടിമറിക്ക് കൂട്ടുനിന്നു.
ബോക്സാനഗറിൽ 90 ശതമാനത്തിനടുത്ത് വോട്ട് നേടിയാണ് ബിജെപി ജയം. ധാൻപുരിൽ ബിജെപി സ്ഥാനാർഥിക്ക് 84 ശതമാനത്തിനടുത്ത് വോട്ടാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ആഴം വോട്ടുകണക്കുകളിൽനിന്ന് വ്യക്തമാണ്. പൂർണമായും അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പ് റദ്ദാക്കി റീപോളിങ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നു. അട്ടിമറിക്ക് കൂട്ടുനിന്ന കമീഷൻ ഇടതുമുന്നണിയുടെ ആവശ്യം തള്ളി. വോട്ടെണ്ണൽ ഇടതുമുന്നണി ബഹിഷ്കരിച്ചു.