ചെന്നൈ
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കൂട്ടരോടും സഹതാപം മാത്രമാണുള്ളതെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്. സനാതന ധര്മത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന തെറ്റായി വളച്ചൊടിച്ച് വ്യാജവാര്ത്തകള് പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പതു വര്ഷമായി മോദി രാജ്യത്തെ ജനങ്ങള്ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. നോട്ട് നിരോധിക്കുകയും കുടിലുകള് മറയ്ക്കാന് മതില് കെട്ടുകയും പുതിയ പാര്ലമെന്റ് മന്ദിരം പണിയുകയും അവിടെ ചെങ്കോല് സ്ഥാപിക്കുകയും രാജ്യത്തിന്റെ പേര് മാറ്റുകയുമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ കേസുകളും നിയമപരമായി നേരിടുമെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം
ഉദയനിധിയുടെ സനാതനധര്മ പരാമര്ശത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. സനാതന ധര്മം വിവിധ വിഭാഗങ്ങള്ക്കുനേരെ ഉയര്ത്തുന്ന വിവേചനത്തെക്കുറിച്ചാണ് ഉദയനിധി വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ ഉള്പ്പെടുന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ വരവ് മോദിയെ പരിഭ്രാന്തിയിലാക്കി. ഈ ഭയത്താലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് മുന്നോട്ട് വയ്ക്കുന്നത്. ഉദയനിധി “വംശഹത്യ’ എന്ന പദം ഉപയോഗിച്ചിട്ടില്ല. ഉദയനിധിക്കെതിരായ നുണകള് അറിയാതെയാണോ അതോ അറിഞ്ഞുകൊണ്ടാണോ നരേന്ദ്ര മോദി പ്രതികരിക്കുന്നതെന്നും സ്റ്റാലിന് ചോദിച്ചു.
ഉദയനിധിയെ തള്ളി
കോൺഗ്രസ്
സവർണാധിപത്യത്തെയും തൊട്ടുകൂട്ടായ്മയെയും ശരിവയ്ക്കുന്ന വർണാശ്രമ ധർമം എന്ന സനാതന ധർമത്തെ വിമർശിച്ച ഉദയനിധി സ്റ്റാലിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്. മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥിനു പിന്നാലെയാണ് ഉദയനിധിയുടെ പരാമർശത്തെ തള്ളി കോൺഗ്രസ് വക്താവ് രംഗത്തെത്തിയത്.
ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നുവരെ സമീപകാലത്ത് പറഞ്ഞ കമൽനാഥ് സനാതന ധർമത്തെ വിമർശിക്കുന്നവരാണ് തുടച്ചുനീക്കപ്പെടേണ്ട പകർവ്യാധിയെന്ന് പ്രതികരിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തുനടക്കാനിരിക്കെ കമൽനാഥിനെപ്പോലുള്ള കോൺഗ്രസ് നേതാക്കളുടെ തീവ്രഹിന്ദുത്വ നിലപാടിനോട് ഹൈക്കമാൻഡും യോജിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനത്തിനോടും കോൺഗ്രസിന് യോജിപ്പില്ലെന്ന് വ്യാഴാഴ്ച കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേഡ പ്രതികരിച്ചു.