ന്യൂഡൽഹി
കുക്കികൾ അധിവസിക്കുന്ന ചുരാചന്ദ്പ്പുർ ജില്ലയിൽനിന്ന് കേന്ദ്രസേനയെ പിൻവലിക്കണം എന്നാവശ്യപ്പെട്ട് മെയ്ത്തീ സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചതോടെ വീണ്ടും മുൾമുനയിലായി മണിപ്പുർ. വ്യാഴാഴ്ച കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടില്ല. ബുധനാഴ്ച ബിഷ്ണുപ്പുർ–- ചുരാചന്ദ്പ്പുർ അതിർത്തി മേഖലയിൽ ഫൂഗക്ചാവോ ഇകായ് ബസാറിൽ അക്രമാസക്തരായ പ്രതിഷേധക്കാർക്കുനേരെ സുരക്ഷാസേന നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും മറ്റും അമ്പതോളം പേർക്ക് പരിക്കേറ്റു. കോ–-ഓർഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റിയുടെ (കോകോമി) നേതൃത്വത്തിലാണ് മെയ്ത്തീ വിഭാഗക്കാർ തിങ്കൾമുതൽ ഇംഫാൽ താഴ്വരയിൽ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭങ്ങളിൽനിന്ന് പിന്തിരിയണമെന്ന് മണിപ്പുർ സർക്കാർ കോകോമി നേതൃത്വത്തോട് അഭ്യർഥിച്ചു.
വ്യാഴാഴ്ച അഞ്ചു ജില്ലയിൽ കർഫ്യൂവിൽ അയവുവരുത്തി. സംഘർഷമുണ്ടായ ബിഷ്ണുപ്പുർ ജില്ലയിൽ പുലർച്ചെ അഞ്ചുമുതൽ പകൽ 11 വരെയാണ് ഇളവ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ചു ജില്ലയിൽ സർക്കാർ പൂർണമായ കർഫ്യൂ പ്രഖ്യാപിച്ചത്. ഇപ്പോൾ അയവുവരുത്തിയെങ്കിലും മുൻകൂർ അനുമതിയില്ലാതെ കൂട്ടംകൂടാനോ പ്രതിഷേധിക്കാനോ റാലികളോ മറ്റോ സംഘടിപ്പിക്കാനോ അനുവാദമില്ല.
അതേസമയം, മണിപ്പുരിലെ 10 കുക്കി എംഎൽഎമാരും വിവിധ കുക്കി സംഘടനാ പ്രവർത്തകരും ഐസ്വാളിൽ മിസോറം മുഖ്യമന്ത്രി സോറംതാങ്കയുമായി കൂടിക്കാഴ്ച നടത്തി. കുക്കി മേഖലകൾക്ക് പ്രത്യേക ഭരണാധികാരം ലഭിക്കുന്നതിന് കേന്ദ്രസർക്കാരിനുമേൽ സമ്മർദം ശക്തിപ്പെടുത്താൻ ചർച്ചയിൽ ധാരണയായി.