ജക്കാർത്ത
തെക്കുകിഴക്കേഷ്യയെ വളർച്ചയുടെ ‘പ്രഭവകേന്ദ്ര’മാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ചേർന്ന ആസിയാൻ ഉച്ചകോടി. മേഖലയെ സുസ്ഥിരവും വികസോന്മുഖവും സുശക്തവുമാക്കി നിലനിർത്താനും തീരുമാനിച്ചു. ആഗോളതലത്തിൽ ഉയർന്നുവരുന്ന പുതിയ വെല്ലുവിളികൾ നേരിടാൻ മേഖലയെ പ്രാപ്തമാക്കാനായി കൂടുതൽ സഹകരിച്ച് മുന്നേറാനും തീരുമാനമായി.
ആസിയാന്റെ പതിനെട്ടാമത് കിഴക്കേഷ്യൻ ഉച്ചകോടിയാണ് ജക്കാർത്തയിൽ സമാപിച്ചത്. മേഖലയിൽ സമാധാനവും സഹകരണവും ഉറപ്പാക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തമാക്കുമെന്ന് ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ ഏഴുപേജുള്ള സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനായി യോജിച്ചു പ്രവർത്തിക്കും. ജനാധിപത്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങൾ തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കാനും തീവ്രവാദം ചെറുക്കാനുമായുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കി.
ആസിയാൻ അധ്യക്ഷസ്ഥാനം ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോ, ലാവോസ് ജനകീയ റിപ്പബ്ലിക് പ്രധാനമന്ത്രി സോനെക്സേ സിഫാൻഡോണിന് കൈമാറി. ആസിയാൻ രാജ്യങ്ങൾക്കുപുറമെ, ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, അമേരിക്ക, റഷ്യ എന്നീ രാഷ്ട്രങ്ങളിൽനിന്നുള്ള നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു.
കിഴക്കൻ തിമോറിൽ ഇന്ത്യ എംബസി തുറക്കും
കിഴക്കൻ തിമോറിലെ ദിലിയിൽ ഇന്ത്യ എംബസി തുറക്കുമെന്ന് ആസിയാൻ ഉച്ചകോടിയ്ക്കിടെ പ്രഖ്യാപനം.കിഴക്കൻ തിമോർ 2022ലാണ് നീരീക്ഷക പദവിയിൽ അസിയാന് കൂട്ടായ്മയുടെ ഭാഗമായത്. യുഎസ്, ജപ്പാൻ, ചൈന, ഓസ്ട്രേലിയ, ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ആസിയാന്റെ സംവാദ പങ്കാളികളാണ്. രാജ്യങ്ങളുടെ പരമാധികാരത്തെ സംരക്ഷിക്കാൻ പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ആവശ്യമാണെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അന്താരാഷ്ട്രനിയമം പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്. കിഴക്കൻ ചൈന കടലിൽ യുഎൻ അനുശാസിക്കുന്ന അന്താരാഷ്ട്രനിയമങ്ങൾ അനുസരിച്ചുള്ള ക്രമം പാലിക്കപ്പെടണം–- മോദി പറഞ്ഞു.