ന്യൂഡൽഹി
രാജസ്ഥാനു പിന്നാലെ മധ്യപ്രദേശിലും പരാജയം മണത്തതോടെ പ്രചാരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത് ബിജെപി കേന്ദ്രനേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന അഞ്ചു ജാഥകളിൽ മുഖ്യമന്ത്രിപദത്തിൽ 16 വർഷം പിന്നിട്ട ശിവ്രാജ്സിങ് ചൗഹാന് സ്ഥാനമില്ല. കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ്സിങ്, നിതിൻ ഗഡ്കരി എന്നിവരാണ് ജാഥകളുടെ ഉദ്ഘാടകർ. രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ പ്രചാരണത്തിന്റെ മുൻനിരയിൽനിന്ന് മാറ്റി. രണ്ടിടത്തും നിയമസഭാ തെരഞ്ഞെടുപ്പ് നവംബറിൽ നടക്കാനാണ് സാധ്യത.
മധ്യപ്രദേശിൽ സ്ഥാനാർഥി നിർണയത്തിലും മുഖ്യമന്ത്രിക്ക് പങ്കൊന്നുമില്ല. സംസ്ഥാന ചുമതലക്കാരായി കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്രസിങ് യാദവ്, അശ്വിനി വൈഷ്ണവ് എന്നിവരെയും തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനറായി കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറിനെയും ജൂലൈയിൽ നിയോഗിച്ചു. ഗ്വാളിയോർ–-ചമ്പൽ മേഖലയിൽനിന്നുള്ള ലോക്സഭാംഗമായ തോമറിന് നിർണായക ചുമതല നൽകിയത് ചൗഹാനിൽ കേന്ദ്രനേതൃത്വത്തിനുള്ള അവിശ്വാസം വ്യക്തമാക്കുന്ന നടപടിയാണ്. ആഗസ്ത് 23ന് ആദ്യഘട്ടമായി 39 സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച കോൺഗ്രസ് കമൽനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സർക്കാരിനെ കാലുമാറ്റംവഴി അട്ടിമറിച്ചാണ് ചൗഹാൻ നാലാം തവണ മുഖ്യമന്ത്രിയായത്. കൂറുമാറ്റത്തിന് നേതൃത്വം നൽകിയ ജ്യോതിരാദിത്യ സിന്ധ്യയും ക്ഷീണത്തിലാണ്. സിന്ധ്യയുടെ സ്വാധീനമേഖലയായ ഗ്വാളിയോർ–-ചമ്പൽ പ്രദേശങ്ങളിൽ മുൻ എംഎൽഎമാർ അടക്കം 12 നേതാക്കൾ കോൺഗ്രസിലേക്ക് മടങ്ങി. ബുന്ദേൽഖണ്ഡ്, വിന്ധ്യ, മഹാകോശൽ മേഖലകളിലും ബിജെപി അണികളിൽ അമർഷം പ്രകടമാണ്.















