നാഗ്പുര്‍
ഗോവധം, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ മുന്നിലപാടില്നിന്നും വ്യത്യസ്ത പ്രസ്താവനയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നിരാലംബ വിഭാഗങ്ങളെ ഹിന്ദുവിഭാഗത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ വേണ്ടിവന്നാല്‍ ഗോമാംസം കഴിക്കാന്‍പോലും ആർഎസ്എസ് പ്രവർത്തകർ മടികാട്ടേണ്ടതില്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പുരില്‍ വിദ്യാര്‍ഥികളെ അഭിസംബോധനചെയ്യവെയാണ് പരാമര്‍ശം. സസ്യാഹാരികളായ ആർഎസ്എസ് നേതാക്കള്‍ അന്തർജാതി സമൂഹ വിരുന്നിൽ അധഃസ്ഥിതി വിഭാഗങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ പശുമാംസം യാതൊരു മടിയുമില്ലാത്ത കഴിക്കാന്‍ തയാറായിട്ടുണ്ടെന്ന കഥയും ഭാഗവത് പരാമര്‍ശിച്ചു.ഗോവധം നിരോധിക്കാന്‍ രാജ്യത്താകെ നിയമംകൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത് മുമ്പ് ആവശ്യപ്പെട്ടിരുന്നു.
സമൂഹത്തിൽ ജാതി വിവേചനം നിലനിൽക്കുന്നിടത്തോളം സംവരണം നിലനിൽക്കുമെന്നും 2000 വർഷമായി ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി 200 വർഷം കഷ്ടപ്പെടാൻ ജനങ്ങൾ തയ്യാറാകണമെന്നും മോഹൻ ഭാഗവത് വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടി നല്കി. സംവരണം ആവശ്യപ്പെട്ട് മറാത്തവിഭാഗം മഹാരാഷ്ട്രയില്‍ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് പരാമര്‍ശം.സംവരണ സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പുവേളയില്‍ മോഹൻ ഭാഗവത് പ്രസംഗിച്ചിരുന്നു.