ന്യൂഡൽഹി
ഡൽഹിയിൽ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന ജി–-20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള ലോകനേതാക്കൾ വെള്ളിയാഴ്ച എത്തും. എയർഫോഴ്സ് വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിട്ട് 6.55ന് കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.
ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക–-പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കൽ, നേരിട്ടുള്ള വിദേശനിക്ഷേപം വർധിപ്പിക്കൽ, കാലാവസ്ഥ വ്യതിയാന പ്രതിരോധം, ഹരിത വാതകങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളില്‍ ആശയവിനിമയം നടക്കും. ഇരു രാജ്യങ്ങളും 2021ൽ ‘ക്ലൈമറ്റ് ആൻഡ് ക്ലീൻ എനർജി അജൻഡ –-2030’ കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയിൽ ആറ് ആണവ റിയാക്ടറുകളുടെ നിർമാണത്തിനായി ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻപിസിഐഎൽ) അമേരിക്കൻ കമ്പനിയായ വെസ്റ്റിങ്സ് ഇലക്ട്രിക് കമ്പനിയും (ഡബ്ല്യുഇസി) നടത്തിവരുന്ന ചർച്ചയുടെ പുരോഗതിയും വിലയിരുത്തും.
ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും വെള്ളിയാഴ്ചയെത്തും.